പ്രളയത്തിൽ തകർന്ന ഇടതുകര കനാലിന് ശാശ്വതപരിഹാരം: അക്വഡക്റ്റിന്റെ നിർമാണം ഉടൻ
പ്രളയത്തിൽ തകർന്ന ഇടതുകര കനാലിന് ശാശ്വതപരിഹാരം: അക്വഡക്റ്റിന്റെ നിർമാണം ഉടൻ
പ്രളയത്തിൽ തകർന്ന പീച്ചി ഇടതുകര കനാലിന് ശാശ്വത പരിഹാരമാകുന്ന അക്വഡക്റ്റിന്റെ നിർമാണോദ്ഘാടനം കേരള ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു. ജലസേചന വകുപ്പ് പീച്ചി പദ്ധതിയുടെ ഭാഗമായി അക്വഡക്റ്റ് നിർമാണപ്രവർത്തനങ്ങൾക്ക് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 2.90 കോടി ഫണ്ട് അനുവദിച്ചു. മലയോര മേഖയിലെ കൃഷിക്കും കുടിവെള്ള പദ്ധതികൾക്കും പ്രയോജനമാകുന്ന ഇടതുകര കനാലിന്റെ പുത്തൂർ ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന ഭാഗമാണ് 2018ലെ പ്രളയത്തിൽ തകർന്നത്.
സോയിൽ പൈപ്പിങ് മൂലം ചിറ്റലകുന്ന് ഭാഗത്തെ ഏകദേശം 60 മീറ്റർ കനാൽ ഇടിഞ്ഞു. 2000 ഹെക്ടർ നെൽപ്പാടമാണ് പീച്ചി ജലസേചനത്തെ ആശ്രയിക്കുന്നത്. നിലവിലുള്ള പൈപ്പുകൾ മാറ്റുകയും 60 മീറ്റർ നീളത്തിൽ പുതിയ അക്വഡക്റ്റ് നിർമ്മിക്കുകയും ചെയ്യും. അക്വഡക്റ്റ്നോട് ചേർന്നു വരുന്ന ഭാഗത്ത് 250 മീറ്റർ നീളത്തിൽ വലതു ബണ്ടിന്റെ സംരക്ഷണഭിത്തി നിർമ്മാണം, പ്രളയത്തിൽ മണ്ണ് ഒഴുകി രൂപപ്പെട്ട ചാലിൽ കൂടി ഒഴുകിവരുന്ന മഴവെള്ളം അക്വഡക്റ്റ്ന്റെ അടിയിൽ കൂടി പിഡബ്ല്യുഡി റോഡിനു താഴെയുള്ള തോട്ടിലേക്ക് എത്തിക്കുന്ന ചാലിന്റെ നിർമ്മാണം, അക്വഡക്റ്റ്നോട് ചേർന്നുവരുന്ന ഭാഗത്ത് 75 മീറ്റർ നീളത്തിൽ വലത് ബണ്ടിൽ കോൺക്രീറ്റ് റോഡ് നിർമ്മാണം, അക്വഡക്റ്റ്ന്റെ മുൻപിലായി 200 മീറ്റർ നീളത്തിൽ കേടുപാടുകളുള്ള ഭാഗം പുനരുദ്ധാരണം, സോയിൽ പൈപ്പിങ് മൂലം ബലക്ഷയം സംഭവിച്ച കനാൽ ബണ്ട് റോഡ് ബലപ്പെടുത്തൽ എന്നിവയാണ് പദ്ധതി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയ മറ്റ് പ്രവർത്തികൾ.
ചിപ്പ് വിപ്പ് കെ രാജൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജലസേചന മധ്യമേഖലാ സൂപ്രണ്ടിങ് എഞ്ചിനീയർ കെ രാജേഷ്, ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ പി റഫീക്ക ബീവി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശ്വതി സുനീഷ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി എസ് ബാബു, സിനി പ്രദീപ്കുമാർ, പുത്തൂർ പഞ്ചായത്ത് അംഗങ്ങളായ നളിനി വിശ്വംഭരൻ, ലിബി വർഗീസ്, പി എസ് സജിത്, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ജോസഫ് ടാജറ്റ്, മറ്റ് പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.
- Log in to post comments