വികസന വഴിയുടെ നേർക്കാഴ്ചയൊരുക്കി ഫോട്ടോ എക്സിബിഷൻ
കേരളം പിന്നിട്ട അഞ്ചു വർഷങ്ങളിൽ കൈവരിച്ച വികസന നേട്ടങ്ങളുടെ നേർക്കാഴ്ചയൊരുക്കി ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ഫോട്ടോ എക്സിബിഷൻ ജനശ്രദ്ധയാകർഷിക്കുന്നു. മ്യൂസിയം റേഡിയോ പാർക്കിൽ കർശന കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു സംഘടിപ്പിക്കുന്ന എക്സിബിഷൻ കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. സർക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ചും വികസന നേട്ടങ്ങളെക്കുറിച്ചും അറിവു പകരാൻ മ്യൂസിയം വോക് വേയുടെ വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളും ഏറെ ഉപകാരപ്രദമാണ്.
സർക്കാരിന്റെ ആർദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ലൈഫ് എന്നിവ ലക്ഷ്യപ്രാപ്തിയിലെത്തി നിൽക്കുന്നതിന്റെ സന്തോഷ നിമിഷങ്ങൾ ഫോട്ടോ എക്സിബിഷനിലുണ്ട്. കാർഷിക - വ്യാവസായിക രംഗങ്ങളിൽ സംസ്ഥാനം കൈവരിച്ച നേട്ടം, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള ക്ഷേമ മേഖലയിൽ സർക്കാർ പുലർത്തുന്ന കരുതൽ, തിരുവനന്തപുരം ജില്ലയുടെ ഐടി, വാണിജ്യ, വ്യവസായ വികസനം തുടങ്ങിയവയും എക്സിബിഷനിൽ കാണാം. സർക്കാരിന്റെ വിവിധ വികസന - ക്ഷേമ പ്രവർത്തനങ്ങൾ വിശദമായി പ്രതിപാദിക്കുന്ന വിഡിയോ പ്രദർശനവും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
പ്രദർശനം കാണാനെത്തുന്നവർക്കായി ദിവസവും വൈകിട്ട് മ്യൂസിയം റേഡിയോ സ്ക്വയറിൽ കലാസന്ധ്യയും ഒരുക്കിയിട്ടുണ്ട്. ഇന്നലെ(28 ) വൈകിട്ടു തിരുവനന്തപുരം ലക്ഷ്യ സെന്റർ ഫോർ പെർഫോമിങ് ആർട്സ് ഒരുക്കിയ നൃത്ത പരിപാടി അരങ്ങേറി. ഇന്നു (29 ജനുവരി) വൈകിട്ട് തിരുവനന്തപുരം മൊഴിനാദം ഗ്രൂപ്പ് അവതരിപ്പിക്കുന്ന നാടൻ പാട്ട് ആസ്വദിക്കാം. വൈകിട്ട് ആറിനാണ് നാടൻപാട്ട്.
പി.ആർ.ഡി തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ നേതൃത്വത്തിൽ ഈ മാസം 27 ന് ആരംഭിച്ച ഫോട്ടോ എക്സിബിഷൻ നാളെ(30 ജനുവരി) സമാപിക്കും. രാവിലെ ഒമ്പതു മുതൽ രാത്രി എട്ടു വരെ നടക്കുന്ന പ്രദർശനം കാണാൻ പ്രവേശനം സൗജന്യമാണ്.
*ഇന്നത്തെ പരിപാടി*
പി.ആർ.ഡിയുടെ വികസന ഫോട്ടോ എക്സിബിഷൻ - മ്യൂസിയം റേഡിയോ പാർക്ക് - രാവിലെ 9.00 മുതൽ .
- Log in to post comments