ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു
മണ്ണ് സംരക്ഷണത്തില്‍ കയര്‍ ഭൂവസ്ത്രത്തിന്റെ സാധ്യതകളും നേട്ടങ്ങളും പരിചയപ്പെടുത്തുന്നതിനായി കയര്‍ വികസന വകുപ്പ് സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പെരുങ്കടവിള, നേമം, അതിയന്നൂര്‍, പാറശാല, വെള്ളനാട് എന്നീ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള 34 ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, പഞ്ചായത്ത് സെക്രട്ടറി, അക്രഡിറ്റഡ് എഞ്ചിനീയര്‍മാര്‍ എന്നിവരാണ് സെമിനാറില്‍ പങ്കെടുത്തത്. വരുന്ന ഫെബ്രുവരിയില്‍ നടക്കുന്ന വെര്‍ച്വല്‍ കയര്‍ കേരളയ്ക്ക് മുന്നോടിയായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
ഓരോ പഞ്ചായത്തിലും കയര്‍ ഭൂവസ്ത്രം സ്ഥാപിക്കുന്നത് സംബന്ധിച്ച് ഗ്രാമപഞ്ചായത്തുകളുമായി നാലു കോടി രൂപയുടെ ധാരണാപത്രത്തിലും ചടങ്ങില്‍ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ ഒപ്പു വച്ചു. തിരുവനന്തപുരം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂവസ്ത്ര വിനിയോഗം നടത്തിയ ആര്യനാട് ഗ്രാമപഞ്ചായത്തിനും രണ്ടാം സ്ഥാനം നേടിയ മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിനും ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ പുരസ്കാരം വിതരണം ചെയ്തു.
നെയ്യാറ്റിന്‍കര നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നെയ്യാറ്റിന്‍കര നഗരസഭ മെമ്പര്‍ അലി ഫാത്തിമ അധ്യക്ഷത വഹിച്ചു. കയര്‍ പ്രോജക്ട് ഓഫീസര്‍ ബി. ശ്രീകുമാര്‍, അസിസ്റ്റന്റ് പ്രോജക്ട് രജിസ്ട്രാര്‍ എ. ഹാരിസ്, കയര്‍ഫെഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീവര്‍ദ്ധന്‍, കയര്‍ഫെഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ മറ്റുള്ള ആറു ബ്ലോക്ക് പഞ്ചായത്തുകളിലെ രണ്ടാംഘട്ട കയര്‍ഭൂവസ്ത്ര സെമിനാര്‍ ഫെബ്രുവരി ആറിന് ആറ്റിങ്ങല്‍ പൂജ കണ്വെന്ഷന് സെന്ററില്‍ നടക്കും.
- Log in to post comments