തദ്ദേശ ഭരണസ്ഥാപനങ്ങള്‍ ഫെബ്രുവരി 23ന് അകം 2021-2022 വാര്‍ഷിക പദ്ധതി സമര്‍പ്പിക്കണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതി അവലോകനം നടത്തുന്നതിനും 2021-2022 വാര്‍ഷിക പദ്ധതി രൂപീകരണ പുരോഗതി വിലയിരുത്തുന്നതിനുമായി ജില്ലാ ആസൂത്രണ സമിതി യോഗം രണ്ട് ദിനമായി ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ആസൂത്രണ സമിതി ചെയര്‍മാന്‍കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പങ്കെടുത്തു.
പുതിയ തദ്ദേശ ഭരണസമിതികള്‍ നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യ യോഗമാണിത്. 14-ാം പഞ്ചവത്സര പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും തദ്ദേശ ഭരണസ്ഥാപനങ്ങള്‍ ഫെബ്രുവരി 23ന് അകം 2021-2022 വാര്‍ഷിക പദ്ധതി സമര്‍പ്പിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ പദ്ധതിയില്‍ ഈ വര്‍ഷം വിവിധ മേഖലയില്‍ ഏറ്റെടുക്കേണ്ട പദ്ധതികളെക്കുറിച്ച് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിശദീകരിച്ചു. തരിശുരഹിത നെല്‍കൃഷി, കേരഗ്രാമം പദ്ധതി, ക്ഷീരമേഖല, 10 വര്‍ഷത്തിനുള്ളില്‍ കേടായ കാര്‍ഷിക യന്ത്രോപകരണങ്ങളെപറ്റി സര്‍വേ നടത്തി കര്‍ഷകര്‍ക്ക് ഉപയോഗപ്രദമാക്കി മാറ്റുന്ന പദ്ധതി, വന്യ മൃഗങ്ങളുടെ കടന്നാക്രമണം തടയാനും കാട്ടുപന്നി ശല്യം ഇല്ലാതാക്കി കൃഷിയിടങ്ങള്‍ സംരക്ഷിക്കാന്‍ വേലികള്‍ സ്ഥാപിക്കുന്ന പദ്ധതി, ജില്ലയിലെ നീര്‍ച്ചാലുകള്‍, നീര്‍ത്തടങ്ങള്‍, ജലാശയങ്ങള്‍ എന്നിവയുടെ സര്‍വേ നടത്തി അവ ഫലപ്രദമായി സംരക്ഷിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന പദ്ധതി, ക്യാന്‍സര്‍ രോഗനിര്‍ണയ പദ്ധതി, തനതായ നാടന്‍ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കി തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലാതല പദ്ധതികള്‍ രൂപീകരിച്ച് നടപ്പാക്കുന്നതിന് ശ്രമിക്കണം. നെല്‍ക്കൃഷി സബ്‌സിഡി കൂലിചെലവ് പ്രോജക്ടുകള്‍ 39 പഞ്ചായത്തുകളില്‍ മാത്രമേ നിലവില്‍ നടപ്പാക്കുന്നുള്ളു. ഇത്തരത്തിലുള്ള പ്രോജക്ടുകളുടെ ഗുണഭോക്താക്കള്‍ യഥാര്‍ഥ കര്‍ഷകര്‍ തന്നെയാണെന്ന് ഉറപ്പാക്കണം.
രണ്ടോ മൂന്നോ പഞ്ചായത്തുകള്‍ ചേര്‍ന്ന് തെരഞ്ഞെടുത്ത സെന്ററുകള്‍ കേന്ദ്രീകരിച്ച് ബ്രാന്‍ഡഡ് റൈസ്മില്‍ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ ഏറ്റെടുക്കണമെന്നും ഇത് സംബന്ധിച്ചുളള പ്രോജക്ട് ജില്ലാപഞ്ചായത്തിനു നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഖരമാലിന്യ സംസ്‌കരണ പ്ലാന്റ്, സ്പോര്‍ട്സ് കോംപ്ലക്സുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പദ്ധതികളും ജില്ലാ പദ്ധതിയില്‍ പ്രസിഡന്റ് നിര്‍ദേശിച്ചു. തദ്ദേശ ഭരണസ്ഥാപനങ്ങള്‍ പദ്ധതി നിര്‍വഹണ ചെലവ് ത്വരിതപ്പെടുത്തണം. 2021-22ലെ വാര്‍ഷിക പദ്ധതിയുടെ അംഗീകാരം ഫെബ്രുവരി 25ന് അകം നേടാന്‍ ശ്രമിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശം നല്‍കി.
കേരളത്തിലെ വികസന ലക്ഷ്യത്തിനു പുതിയ ദിശാബോധം നല്‍കുന്നതിന് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വിദഗ്ധരെ പങ്കെടുപ്പിച്ച് ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ കേരള ലുക്സ് എഹെഡ് എന്നപേരില്‍ അന്തര്‍ദേശീയ കോണ്‍ഫറന്‍സ് നടത്തുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു പറഞ്ഞു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലൂടെ 2015-16 മുതല്‍ അഞ്ചു വര്‍ഷക്കാലം നടപ്പാക്കിയ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭൗതിക നേട്ടങ്ങള്‍ ഡിസെന്‍ട്രലൈസേഷന്‍ റൗണ്ട് എന്ന പേരില്‍ തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും എല്ലാ തദ്ദേശ സ്ഥാപന സെക്രട്ടറിമാരും നിശ്ചിത സമയപരിധിക്കുള്ളില്‍ വിശദാംശങ്ങള്‍ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിനു നല്‍കണമെന്നും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, എഡിഎം അലക്സ് പി. തോമസ്, ഡിഡിപി ഷാജി ബോണ്‍സ്ലേ എന്നിവര്‍ പങ്കെടുത്തു.
ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും പദ്ധതി പുരോഗതി യോഗത്തില്‍ വിലയിരുത്തി. ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പദ്ധതി വിഹിതം ചെലവഴിച്ചത് കല്ലൂപ്പാറയും ഏറ്റവും കുറവ് ചെലവഴിച്ചത് കോട്ടാങ്ങല്‍ പഞ്ചായത്തും ആണ്. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പദ്ധതി വിഹിതം ചെലവഴിച്ചത് പന്തളവും കുറവ് ഇലന്തൂരുമാണ്. മുന്‍സിപ്പാലിറ്റികളില്‍ ഏറ്റവും കൂടുതല്‍ പദ്ധതി വിഹിതം ചെലവഴിച്ചത് പത്തനംതിട്ടയും കുറവ് പന്തളം മുന്‍സിപ്പാലിറ്റിയുമാണ്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിവിഹിത വിനിയോഗം 47.40 ശതമാനമാണ്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായാണ് യോഗം രണ്ട് ദിനങ്ങളാക്കി നടത്തിയത്.
- Log in to post comments