Skip to main content

റോഡ് സുരക്ഷാ മാസാചരണം: പരിശോധന കർശനമാക്കി

ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പും പോലീസും. ഫെബ്രുവരി ഒന്നു മുതൽ ആറു വരെ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് പരിശോധനകൾക്കാണ് പ്രാധാന്യം നൽകുക. പത്ത് മുതൽ 13 വരെ അമിത വേഗത്തിൽ പോകുന്ന വാഹനങ്ങൾക്കെതിരെ പരിശോധന കർശനമാക്കും. വിദ്യാലയ പരിധിയിൽ പ്രത്യേക ശ്രദ്ധ നൽകും. ഏഴ് മുതൽ 17 വരെ മദ്യപിച്ച് വാഹനമോടിക്കൽ, ഡ്രൈവിംഗ് വേളയിൽ ഫോൺ ഉപയോഗിക്കൽ, അനധികൃത പാർക്കിംഗ്, സീബ്രാ ലൈൻ ക്രോസിംഗിൽ കാൽനടയാത്രക്കാർക്ക് പരിഗണന നൽകാതിരിക്കുക, സിഗ്‌നലുകൾ പാലിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾക്കെതിരെ പരിശോധന വർദ്ധിപ്പിക്കും. അമിതവേഗം, മദ്യപിച്ച് വാഹനം ഓടിക്കൽ എന്നിവയ്ക്ക് പിടിക്കപ്പെടുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികളുണ്ടാകും. ഇവർക്ക് റോഡ് സുരക്ഷയെക്കുറച്ചുള്ള ഒരു ദിവത്തെ മുഴുവൻ ക്ലാസ്സും നൽകും.
ജനുവരി 18 മുതലാണ് റോഡ് സുരക്ഷാ മാസാചരണം തുടങ്ങിയത്.  ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനാണ് മാസാചരണം ഉദ്ഘാടനം ചെയ്തത്. സംസ്ഥാനതലത്തിൽ ട്രാഫിക് ഐ.ജി നോഡൽ ഓഫീസർ ആയ കമ്മിറ്റിയാണ് മേൽനോട്ടം വഹിക്കുന്നത്്. ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ, പി.ഡബ്ലു.ഡി ചീഫ് എൻജിനിയർമാർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് മറ്റ് കമ്മറ്റി അംഗങ്ങൾ. ജില്ലാ തലത്തിൽ കളക്ടർ ചെയർമാനും പോലീസ് സൂപ്രണ്ട് നോഡൽ ഓഫീസറുമായ കമ്മറ്റിയാണ് ഉള്ളത്. ഫെബ്രുവരി 17 ന് റോഡ് സുരക്ഷ മാസാചരണം സമാപിക്കും.
പി.എൻ.എക്സ്. 533/2021
 

date