Skip to main content

അപേക്ഷയില്‍ പരിഹാരമായി;  നിറഞ്ഞ മനസ്സോടെ നാണുവേട്ടന്‍ മടങ്ങി

 

 

 

പ്രായത്തിന്റെ അവശതയുമായി, ഒഞ്ചിയത്തുനിന്നും വടകരയിലെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ എത്തിയ 82 കാരന്‍ നാണുവേട്ടന്‍ നിറഞ്ഞ മനസ്സോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. 'തന്റെ ബുദ്ധിമുട്ടുകള്‍ മന്ത്രിയെ അറിയിക്കണം, പരിഹാരം കാണണം' വിറയ്ക്കുന്ന കൈകളില്‍ കരുതിയ അപേക്ഷയുമായെത്തിയ, നാണുവേട്ടന്റെ ആവശ്യം ഇതായിരുന്നു. 50 വര്‍ഷത്തിലധികം പഴക്കമുള്ള ഓടിട്ട വീട് പുതുക്കി പണിയാന്‍ സഹായവും സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ ധനസഹായവും വേണമെന്ന നാണുവേട്ടന്റെ അപേക്ഷ പരിശോധിച്ച മന്ത്രി കെ ടി ജലീല്‍ 10,000 രൂപ ധനസഹായവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായത്തിനായി പരിഗണിക്കുകയും ചെയ്തു. അദാലത്തു വേദിയിലേക്ക് കയറാനാവാത്തതിനാല്‍ നാണുവേട്ടന്റെ അടുത്തേക്ക് നേരിട്ടെത്തിയാണ് മന്ത്രി പ്രശ്‌ന പരിഹാരം നടത്തിയത്.

ദീര്‍ഘകാലം തേങ്ങ ഉരിയുന്ന പണിയെടുത്തിരുന്ന നാണുവേട്ടന് ഇപ്പോള്‍ നിവര്‍ന്നു നില്‍ക്കാന്‍ പോലും കഴിയില്ല. ഏറെക്കാലം തലച്ചുമട് പണിയെടുത്തിരുന്ന ഭാര്യക്ക് പരസഹായമില്ലാതെ നടക്കാന്‍ പറ്റാത്ത സ്ഥിതിയുമാണ്. അസുഖ ബാധിതരായതോടെ ഇരുവര്‍ക്കും  ജോലിക്കു പോകാനാവാതെയായി. ചികിത്സക്കും മറ്റുമായി വന്‍തുക ചിലവായതോടെ സാമ്പത്തിക ബാധ്യതയുമായി. കൊവിഡ് കാലത്ത് മകന്റെ ജോലിയും  നഷ്ടമായി. ഇതോടെ കഷ്ടതയിലായ നാണുവേട്ടന്റെ കുടുംബത്തിന് സര്‍ക്കാറിന്റെ കരുതല്‍ വലിയ ആശ്വാസമായി.
 

date