Skip to main content

അദാലത്തിലൂടെ വീട്ടു നമ്പര്‍ കിട്ടി;  റംഷീനയ്ക്കും മറിയത്തിനും ഇനി സ്വസ്ഥമായി ഉറങ്ങാം

കുറ്റൂര്‍ സ്വദേശി കെ വി റംഷീനയും നരീക്കോട് പാറമ്മല്‍ സ്വദേശി കെ ടി മറിയവും വീട് പണി പൂര്‍ത്തിയാക്കിയെങ്കിലും വീട് നമ്പര്‍ ലഭിച്ചില്ലെന്ന പരാതിയുമായാണ് സാന്ത്വന സ്പര്‍ശം അദാലത്തില്‍ വ്യവസായ മന്ത്രി ഇ പി ജയരാജനെ കാണാനെത്തിയത്. പരാതി ബോധ്യപ്പെട്ട മന്ത്രി വീട് നമ്പര്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍  ഉദ്യോഗസ്ഥരോട്  ആവശ്യപ്പെട്ടു.
അഞ്ച് സെന്റ് സ്ഥലത്താണ് കെ വി റംഷീന ഒരു വര്‍ഷം മുമ്പ് വീട് പണിതത്. ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ച് പഞ്ചായത്തില്‍ നിന്നും അനുമതി വാങ്ങിയതിനു ശേഷം വീട് പണി ആരംഭിക്കുകയും ചെയ്തു. എന്നാല്‍ വീട് പണി പൂര്‍ത്തിയായതിന് ശേഷം വീട് നമ്പറിന് അപേക്ഷിച്ചപ്പോള്‍ പൊതുമരാമത്ത് റോഡില്‍ നിന്നും ആവശ്യമായ അകലം പാലിച്ചില്ല എന്ന കാരണം പറഞ്ഞ് വീട്ട് നമ്പര്‍ നിഷേധിക്കുകയായിരുന്നു. നമ്പര്‍ അനുവദിച്ചുകിട്ടുന്നതിനായി ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും ഉചിതമായ നടപടി ഉണ്ടായില്ല. വീട് നമ്പര്‍ ലഭിക്കാത്തത് കാരണം കുടുംബത്തിന് റേഷന്‍ കാര്‍ഡും കുടിവെള്ള കണക്ഷനും ലഭിച്ചില്ല. ഭര്‍ത്താവും രണ്ട് മക്കളും അടങ്ങുന്നതാണ് റംഷീനയുടെ കുടുംബം. ഭര്‍ത്താവ് മുസ്തഫ വിദേശത്തായിരുന്നു. കൊവിഡ് കാരണം നാട്ടിലെത്തിയ അദ്ദേഹത്തിന് തിരിച്ച് പോവാനും സാധിച്ചില്ല.  വളരെ ബുദ്ധിമുട്ടില്‍ കഴിഞ്ഞ കുടുംബം വീട് നമ്പര്‍ ലഭിക്കുമെന്ന ആശ്വാസത്തിലാണ് ഇപ്പോള്‍. 10 ദിവസത്തിനകം നമ്പര്‍ ലഭ്യമാക്കാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
കെ ടി മറിയത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ബാങ്കില്‍ നിന്നും ലോണെടുത്തും കടം വാങ്ങിയും പണിത വീടിനു നമ്പര്‍ നിഷേധിച്ചത് കാരണം പ്രയാസമനുഭവിക്കുകയായിരുന്ന കെ ടി മറിയവും ഇപ്പോള്‍ സന്തോഷത്തിലാണ്. വയല്‍ നികത്തി വീട് പണിതു എന്ന കാരണത്താലാണ് വീട്ട് നമ്പര്‍ അനുവദിക്കാതിരുന്നത്. മക്കളുമായി കഴിയുന്ന മറിയത്തിന്റെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടു. മകന്‍ കൂലി പണി ചെയ്താണ് കുടുംബം നോക്കുന്നത്. വീട്ട് നമ്പര്‍ 15 ദിവസത്തിനകം ലഭ്യമാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വസ്ഥമായി വീട്ടില്‍ കിടന്നുറങ്ങാമെന്ന സന്തോഷത്തോടെയാണ് മറിയമും അദാലത്തില്‍ നിന്നു മടങ്ങിയത്.

date