Skip to main content

ഭിന്നശേഷി മേഖലയിലെ മികവിന്റെ കേന്ദ്രമായി മാറാൻ എൻ ഐ പി എം ആർ ;  പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിക്കും

 

  ഭിന്നശേഷി സേവന രംഗത്ത് സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ ഇരിഞ്ഞാലക്കുട കല്ലേറ്റുംകരയിൽ പ്രവർത്തിച്ചു വരുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ ഈ മേഖലയിലെ മികവിന്റെ കേന്ദ്രമായി മാറുന്നതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി ആറിന് രാവിലെ പത്ത് മണിക്ക്   ഓൺലൈനായി നിർവഹിക്കും.ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. അക്വാട്ടിക് റിഹാബിലിറ്റേഷൻ സെൻറർ, സെന്റർ ഫോർ മൊബിലിറ്റി ആൻഡ് അസിസ്റ്റീവ് ടെക്നോളജി എന്നിവയുടെ ഉദ്ഘാടനവും ഷൈലജ ടീച്ചർ നിർവഹിക്കും. സ്പൈനൽ കോഡ് ഇൻജുറി റിഹാബിലിറ്റേഷൻ യൂണിറ്റിന്റെ ഉദ്ഘാടനം ധനകാര്യവകുപ്പ് വകുപ്പ് മന്ത്രി തോമസ് ഐസക്ക് നിർവഹിക്കും.

ടി എൻ പ്രതാപൻ എം പി, കെ യു അരുണൻ മാസ്റ്റർ എം എൽ എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ, മാള ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൺ, സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, ജില്ലാ മെഡിക്കൽ ഓഫീസർ കെ ജെ റീന, എൻ ഐ പി എം ആർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ ബി മുഹമ്മദ്‌ അഷീൽ തുടങ്ങിയവർ പങ്കെടുക്കും.

ഭിന്നശേഷിക്കാർക്കായി മികച്ച സൗകര്യങ്ങൾ

ഭിന്നശേഷി രംഗത്തെ മികച്ച സേവന കേന്ദ്രമായി എൻ ഐ പി എം ആർ മാറിക്കഴിഞ്ഞു.അക്കാദമിക് രംഗത്തേയ്ക്കുള്ള പുതിയ ചുവടുവയ്പ്പ് ഈ സെന്ററിനെ വ്യത്യസ്തമാക്കുന്നു.

കേരളത്തില്‍ ആദ്യമായി ഒക്യുപ്പേഷണല്‍ തെറാപ്പി ഡിഗ്രി പ്രോഗ്രാം എന്‍ ഐ പി എം ആറില്‍ ആരംഭിച്ചു. ആരോഗ്യ സര്‍വ്വകലാശലയുടെ അംഗീകാരത്തോടെയുള്ള നാലര വര്‍ഷത്തെ ഡിഗ്രികോഴ്‌സാണ് നടക്കുന്നത്. ഭിന്നശേഷി രംഗത്തു പ്രൊഫണല്‍സിനെ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി മൂന്ന് കോഴ്‌സുകള്‍ ആരംഭിച്ചു. സെറിബ്രല്‍ പാള്‍സി, ഓട്ടിസം എന്നിവയില്‍ ഡിപ്ലോമ കോഴ്‌സ് ആരംഭിച്ചു.റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള രണ്ട് വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സാണ് തുടങ്ങിയിട്ടുള്ളത്.

അക്വാട്ടിക് റീഹാബിലിറ്റേഷൻ സെന്ററും സ്‌പൈനൽ കോഡ് ഇൻജുറി റീഹാബിലിറ്റേഷൻ യൂണിറ്റും 

പേശി സംബന്ധം അസ്ഥി സംബന്ധവുമായ പ്രശ്നങ്ങൾ ഉള്ള കുട്ടികൾക്കും മുതിർന്നവർക്കും ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഹൈഡ്രോ തെറാപ്പി അഥവാ അക്വാട്ടിക് തെറാപ്പി. ഇതിനായി ആധുനിക സംവിധാനങ്ങളോടുകൂടിയ നീന്തൽകുളവും അനുബന്ധ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പരിശീലനം സിദ്ധിച്ച വിദഗ്ദ്ധരാണ് ചികിത്സാക്രമങ്ങൾക്ക് നേത്യത്വം നൽകും.

അപകടംമൂലമോ അല്ലാതെയോ നട്ടെല്ലിനു ക്ഷതം സംഭവിച്ചവർക്കായി എൻ ഐ പി എം ആറിൽ ആരംഭിച്ചിട്ടുള്ള സെന്ററാണ് സ്പൈനൽ കോർഡ് ഇൻജുറി റീഹാബിലിറ്റേഷൻ യൂണിറ്റ്.എട്ട് കിടക്കകളും ആധുനിക സജജീകരണങ്ങളുമുള്ള
ചികിത്സാ കേന്ദ്രമാണ് ഇവിടെ ഒരുങ്ങുന്നത്.ഫിസിയാട്രിസ്റ്റിന്റെ നേതൃത്വത്തിൽ ഫിസിയോ തെറാപ്പിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, സൈക്കോ തെറാപ്പിസ്റ്റ്, സോഷ്യൽ വർക്കർ എന്നിവരടങ്ങുന്ന റീഹാബിലിറ്റേഷൻ സംഘം സെന്ററിലെ ചികിത്സക്ക് നേതൃത്വം നൽകും.

ആർട്ട് എബിലിറ്റി സെന്ററും വൊക്കേഷണൽ യൂണിറ്റും 

ഭിന്നശേഷിക്കാരായ കുട്ടികളുടേയും മുതിർന്നവരു ടേയും സർഗ്ഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പി ക്കുന്നതിനായി ആരംഭിച്ചിട്ടുള്ള കേന്ദ്രമാണ് ആർട്ട് എബിലിറ്റി സെന്റർ. ചിത്രരചന, പെയിന്റിംഗ്, കാർട്ടൂൺ, ക്ലേ മോഡലിംഗ്, പോട്ടറി  തുടങ്ങിയ  കലകളിൽ പ്രാവീണ്യം നൽകുന്നതിനായി വിവിധ മേഖലകളിലെ വിദഗ്ദ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആർട് വർക്ക്ഷോപ്പ് സംഘടിപ്പിക്കും.

പതിനെട്ട് വയസ്സിനുമുകളിൽ  പ്രായമുള്ള ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടി  തൊഴിൽ  പരിശീലനം  നൽകി സമൂഹത്തിന്റെ  മുഖ്യധാരയിലേക്ക്  കൊണ്ടുവരുക  എന്ന ലക്ഷ്യത്തിനായി വോക്കേ ഷണൽ യൂണിറ്റ് പ്രവർത്തിക്കുന്നു
കുട്ടികളുടെ  കഴിവിനും  അഭിരുചിക്കും  അനുസരിച്  അനുയോജ്യമായ തൊഴിൽ മേഖലകൾ  തെരഞ്ഞെടുത്ത് വേണ്ട പരിശീലനം നൽകും.
 ബ്ലോക്ക്‌ പ്രിന്റിംഗ്, തയ്യൽ, പോർട്ടറി മേക്കിങ്, പാക്കിങ് ആൻഡ് സീലിംഗ്, പേപ്പർ പെൻ, പേപ്പർ ബാഗ് നിർമ്മാണം തുടങ്ങിയ  മേഖലകളിൽ  ആണ് പ്രാരംഭ ഘട്ടത്തിൽ  പരിശീലനം നൽകും.

date