Skip to main content

മൃഗസംരക്ഷണം: തീരദേശ മേഖലയ്ക്ക് ഉണർവേകി തളിക്കുളം ഗ്രാമ പഞ്ചായത്ത്  കോഴി വളർത്തലിന് മുൻഗണന

 

കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് മൃഗപരിപാലനത്തിലൂടെ കൈതാങ്ങാവാൻ തളിക്കുളം ഗ്രാമ പഞ്ചായത്ത്.
കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി തീരദേശത്തെ പ്രവാസികൾക്ക് മൃഗ സംരക്ഷണ മേഖലയിൽ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള പദ്ധതികളാണ് പഞ്ചായത്ത് നടപ്പിലാക്കുന്നത്.

തളിക്കുളം ഗ്രാമപഞ്ചായത്ത് 2020-21 ജനകീയാസൂത്രണ പദ്ധതി പ്രകാരം കോഴിവിതരണവും ധാതു ലവണ മിശ്രിത വിതരണവുമാണ് പദ്ധതിയിലുടെ ലക്ഷ്യം വയ്ക്കുന്നത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി  2  പദ്ധതികളായാണ്  കോഴി വിതരണം നടത്തിയത്. 

16 വാർഡുകളിലെയും ഓരോ ഗുണഭോക്താക്കൾക്കും പത്തു കോഴി വീതമുള്ള പദ്ധതിയും പ്രവാസികൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഓരോ ഗുണഭോക്താവിന് 50 കോഴി വീതമുള്ള പദ്ധതിയുമാണ് നടപ്പാക്കിയത്.  രണ്ട് പദ്ധതികളിലുമായി 12000 കോഴികളെയാണ് ഈ വർഷം തളിക്കുളം ഗ്രാമ പഞ്ചായത്തിൽ വിതരണം ചെയ്യുന്നത്. 

കോഴി വിതരണ പദ്ധതിക്കു മാത്രമായി 13 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ധാതുലവണ മിശ്രിതം ഓരോ ഗുണഭോക്താക്കൾക്കും സൗജന്യമായി
10 പാക്കറ്റ് വീതം നൽകും.  75 ഗുണഭോക്താക്കൾക്കായി 75000 രൂപയാണ് ചെലവഴിക്കുന്നതെന്ന് തളിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ഐ സജിത പറഞ്ഞു.
 
കോവിഡിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരായ ആളുകൾക്ക് സ്വന്തമായി വരുമാനം കണ്ടെത്തുന്നതിനു വേണ്ടി മൃഗസംരക്ഷണ മേഖലയിൽ മാത്രമായി 10  പദ്ധതികൾക്കായി 74,11000  രൂപയാണ് മാറ്റിവെച്ചിരിക്കുന്നതെന്നു ഡോ. അനീഷ് കുമാർ  പറഞ്ഞു.

date