Skip to main content

വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍; ലാബ് സമുച്ഛയത്തിന്റെ ഉദ്ഘാടനം ഇന്ന് (6) മുഖ്യമന്ത്രി നിര്‍വഹിക്കും

 

വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അഞ്ചു കോടി രൂപയുടെ കിഫ്ബി ഫണ്ടും പീരുമേട് എം.എല്‍.എ. യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 49 ലക്ഷം രൂപയും ഉപയോഗിച്ച് നിര്‍മ്മിച്ച ലാബ് സമുച്ചയത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച ( ഇന്ന്)രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നിര്‍വഹിക്കും. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ചടങ്ങില്‍ അദ്ധ്യക്ഷനാകും. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ് എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും. പീരുമേട് എംഎല്‍എ ഇ.എസ്. ബിജിമോള്‍ ശിലാഫലകം അനാച്ഛാദനം ചെയ്യും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജിജി.കെ. ഫിലിപ്പ്, ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍ സ്വാഗതം പറയും. കൈറ്റ് ജില്ലാ കോഡിനേറ്റര്‍ ഷാജിമോന്‍ വി.കെ. പദ്ധതിയുടെ വിശദീകരണം നടത്തും. ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മെമ്പര്‍മാര്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞത്തിന്റെ ഭാഗമായി വണ്ടിപ്പെരിയാര്‍ സ്‌കൂള്‍ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിനോട് അനുബന്ധിച്ച് 20 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബ് സമുച്ഛയത്തിന്റെ നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കിയത്. മൂന്ന് നിലകളിലായാണ് ലാബ് സമുച്ഛയം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഏറ്റവും താഴെ നിലയില്‍  രണ്ട് റൂമുകളില്‍ ഒന്ന് കമ്പ്യൂട്ടര്‍ ലാബ്, കെമിസ്ട്രി ലാബ് എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം നിലയിലെ രണ്ടു ലാബുകള്‍ ബോട്ടണി, സുവോളജി എന്നീ വിഷയങ്ങള്‍ക്കും രണ്ടാം നിലയിലെ രണ്ട് ലാബുകള്‍ ഫിസിക്‌സ്, മാത്ത്സ് എന്നീ വിഷയങ്ങള്‍ക്കുമായി ക്രമീകരിച്ചിരിക്കുന്നു. ആധുനികശുചിമുറി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഇവിടെയൊരുക്കിയിട്ടുണ്ട്.

വണ്ടിപ്പെരിയാര്‍ സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം 2004 - 2005 വര്‍ഷമാണ് പ്രവര്‍ത്തനമാരംഭിച്ചത്. സയന്‍സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിലായി നൂറു വിദ്യാര്‍ഥികളും 14 അധ്യാപകരുമായി ആരംഭം കുറിച്ച ഈ സ്‌കൂളില്‍ 2011 - 12 അധ്യയനവര്‍ഷം കൊമേഴ്‌സ് ബാച്ചും ആരംഭിച്ചു. 18 അധ്യാപകരാണ് ഇപ്പോഴിവിടെയുള്ളത്. 306 വിദ്യാര്‍ത്ഥികളാണ് ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നിലവിലിവിടെ പഠിക്കുന്നത്. 2016 ല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന സംരംഭത്തിന് തുടക്കം കുറിച്ചപ്പോള്‍ പീരുമേട് മണ്ഡലത്തില്‍നിന്നും വണ്ടിപ്പെരിയാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് തിരഞ്ഞെടുക്കപ്പെട്ടത്.

വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹൈസ്‌കൂള്‍

ഭൂരിഭാഗവും തോട്ടം തൊഴിലാളികളും പാവപ്പെട്ടവരുമായ വിദ്യാര്‍ഥികളാണ് വണ്ടിപ്പെരിയാര്‍ സ്‌കൂളില്‍ പഠിക്കുന്നത്. 1964 ല്‍ ഇന്നത്തെ 62 ആം മൈല്‍ എന്നറിയപ്പെടുന്ന സ്ഥലത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് ആദ്യമായി സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആ സമയത്ത് രണ്ടു മലയാളവും ഒരു തമിഴ് ഡിവിഷനും ആണുണ്ടായിരുന്നത് .1964 ന് മുന്‍പ് വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ ഏഴാം ക്ലാസ് വരെ മാത്രമേ വിദ്യാഭ്യാസ സൗകര്യം ഉണ്ടായിരുന്നുള്ളൂ. ഉപരിപഠനം ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് തമിഴ്‌നാട്ടിലോ പീരുമേട്ടിലോ പോയി പഠിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്.
 ഈ സാഹചര്യത്തില്‍ അന്നത്തെ ജനപ്രതിനിധികളുടെ ശ്രമഫലമായാണ് ഹൈസ്‌കൂള്‍ തുടങ്ങാനുള്ള അനുവാദം സര്‍ക്കാരില്‍ നിന്നും നേടിയെടുത്തത്. നിലവില്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തെ അസൗകര്യം മൂലം വണ്ടിപ്പെരിയാര്‍ ടൗണിലേക്ക് മാറ്റി സ്‌കൂളിന്റെ പ്രവര്‍ത്തനം തുടര്‍ന്നു. ഓരോ വര്‍ഷം കഴിയും തോറും കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു വന്നു. അതോടെ സ്‌കൂളിന് ഒരു കെട്ടിടം ആവശ്യമായി വന്നു.
 സ്വകാര്യ എസ്റ്റേറ്റ് മാനേജ്‌മെന്റ് വിട്ട് നല്‍കിയ അഞ്ചേക്കര്‍ സ്ഥലത്താണ് സ്‌കൂള്‍ കെട്ടിടം പണി തീര്‍ത്തത്. 1970 വരെ നെഹ്‌റു മെമ്മോറിയല്‍ പഞ്ചായത്ത് സ്‌കൂള്‍ എന്നാണ് അറിയപ്പെട്ടത്. 2004 ഹയര്‍സെക്കന്‍ഡറിയായി അപ്‌ഗ്രേഡ് ചെയ്തു. ഇപ്പോള്‍ 517 കുട്ടികള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പഠനം നടത്തുന്നു. 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. 15 ക്ലാസ് മുറികള്‍ നിലവിലുണ്ട്. കൂടാതെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തോട് അനുബന്ധിച്ചുള്ള നിര്‍മ്മാണത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിഭാഗത്തിനായി 8 മുറികള്‍ അടങ്ങിയ കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

 

date