Skip to main content

ജില്ലയിൽ പുനരുദ്ധാരണം നടത്തേണ്ടത് പുഴക്കൽ, കരുവന്നൂർ, കേച്ചേരിപ്പുഴകൾ 

 

ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദേശങ്ങൾക്ക് വിധേയമായി കേരളത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തേണ്ട നദികളുടെ കണക്കെടുത്തു. സംസ്ഥാന ജലവിഭവ വകുപ്പ് വിശദമായ പഠന റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പുഴയോരങ്ങൾ സന്ദർശിച്ചു മലിനമായി കിടക്കുന്ന പ്രദേശങ്ങൾ തിരിച്ചറിയാൻ സർവ്വേ നടത്തി. ജില്ലയിൽ പുഴക്കൽ, കരുവന്നൂർ, കേച്ചേരി എന്നീ പുഴകളും അവയോടനുബന്ധിച്ച തോടുകളുമാണ് വൃത്തിയാക്കുന്നതിനായി നിർദേശിച്ചത്. 

ജലവിഭവ വകുപ്പും വിവിധ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളും സംയുക്തമായാണ് പുനരുദ്ധാരണ പദ്ധതികൾ തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി കരുവന്നൂർ പുഴ തലക്കോട്ടുകര വിദ്യ എഞ്ചിനീയറിംഗ് കോളേജിലെയും ആറ്റിങ്ങൽ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെയും വിദ്യാർഥികൾ പരിശോധിക്കും. പുഴയ്ക്കൽ പുഴയിൽ അങ്കമാലി ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് ബിടെക് അവസാന വർഷ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പരിശോധന ആരംഭിച്ചു കഴിഞ്ഞു. പീച്ചിയിലെ കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും എറണാകുളം എസ് സി എം എസ് കോളേജിലെയും ബി ടെക് വിദ്യാർത്ഥികൾ ചേർന്നാണ് കേച്ചേരിപ്പുഴ പരിശോധിക്കുന്നത്. തൃശൂർ അഡീഷണൽ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഐ കെ മോഹനാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.

date