Skip to main content

മുഖംമിനുക്കി, സ്മാർട്ടായി പട്ടികജാതി കോളനികൾ  ജില്ലയിൽ വികസനം പൂർത്തിയാക്കിയത് ഏഴ് കോളനികൾ

 

ഉറപ്പും ഭംഗിയുമുള്ള  വീടുകൾ, വിസ്താരമുള്ള വീഥികൾ, കുറ്റമറ്റ കുടിവെള്ള വിതരണ ശൃംഖല, ഒത്തുകൂടാൻ കമ്യൂണിറ്റി ഹാളുകൾ, തുടങ്ങിയ  സൗകര്യങ്ങൾ ഇനി പട്ടിക ജാതി പട്ടിക വർഗ കോളനികൾക്കും  സ്വന്തം. ഈ ലക്ഷ്യം മുൻനിർത്തി നടപ്പാക്കിയ അംബേദ്കർ ഗ്രാമവികസന പദ്ധതിപ്രകാരം ജില്ലയിൽ നിർമാണം  പൂർത്തിയാക്കിയത് ഏഴ് പട്ടികജാതി കോളനികളാണ്.

സംസ്ഥാനത്ത് അംബേദ്കർ ഗ്രാമ വികസന പദ്ധതി പ്രകാരം  പൂർത്തിയായ 80 പട്ടികജാതി പട്ടിക വർഗ കോളനികളാണ് ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ പിന്നാക്ക വിഭാഗക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ അധ്യക്ഷനായി.

തൃശൂർ ജില്ലയിൽ 
ചാപ്പാറ, മതുക്കര, തിപ്പലശ്ശേരി, കുറ്റിച്ചിറ, പള്ളിയിൽ അമ്പലം, നമ്പിക്കുന്ന്, വേട്ടാംകോട് എന്നീ പട്ടിക ജാതി കോളനികളാണ് ഒരു  കോടിരൂപ വീതം ചിലവിൽ വികസന പ്രവൃത്തികൾ പൂർത്തിയാക്കിയത്.

പൊതു വിതരണം, ഗതാഗത സൗകര്യം, വൈദ്യുതി, വർക്ക്  ഷെഡ്ഡുകൾ, ഭവന പുനരുദ്ധാരണം, എന്നീ മേഖലയിലെ വികസനമാണ് പ്രധാനമായും ലക്ഷ്യമിട്ടത്. ഒരു കോടി രൂപ വരെയാണ് ഓരോ കോളനിയിലും ചെലവഴിക്കാൻ അനുവദിച്ചത്. 
ജില്ലാ നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണച്ചുമതല. അതത് പ്രദേശത്തെ എംഎൽഎമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച മോണിറ്ററിങ് കമ്മിറ്റിയാണ് പദ്ധതികളും  മുൻഗണനാക്രമവും  തീരുമാനിച്ചത്. പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ  ഒപ്പം ചേർന്നു നിൽക്കുക, അവരെ മുഖ്യധാരയിലേക്ക് അടുപ്പിക്കുക എന്ന സർക്കാരിന്റെ  പ്രഖ്യാപിത നയത്തിന്റെ പൂർത്തീകരണമാണ് ഈ പദ്ധതി എന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

അതാതിടത്തെ ജനപ്രതിനിധികൾ വികസനം പൂർത്തിയാക്കിയ കോളനികളിൽ സ്ഥാപിച്ച ശിലാ ഫലകം അനാച്ഛാദനം ചെയ്തു.
തിപ്പലശ്ശേരി കോളനിയിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, ചാപ്പാറ കോളനിയിൽ  വി ആർ സുനിൽകുമാർ എംഎൽഎ, മതുക്കരയിൽ  മുരളി പെരുനെല്ലി എംഎൽഎ, കുറ്റിച്ചിറ കോളനിയിൽ ബി ഡി ദേവസ്സി എംഎൽഎ,
പള്ളിയിൽ അമ്പലം കോളനിയിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ, നമ്പികുന്നിൽ പ്രൊഫ കെ യു  അരുണൻ എംഎൽഎ, വേട്ടാംക്കോടിൽ അനിൽ അക്കര എംഎൽഎ എന്നിവർ ശിലാ ഫലകങ്ങൾ  അനാച്ഛാദനം ചെയ്തു.

date