Skip to main content

ജയന് സര്‍ക്കാരിന്റെ സാന്ത്വന സ്പര്‍ശത്തിലുടെ ആശ്വാസം

അരീക്കോട് ചെത്തുവഴിപ്പുറം സ്വദേശി ജയന് ഇനി വികലാംഗ പെന്‍ഷന്‍ തടസമില്ലാതെ ലഭിക്കും. വികലാംഗ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ സാങ്കേതിക തടസങ്ങള്‍ സാന്ത്വന സ്പര്‍ശം അദാലത്തിലൂടെ പരിഹരിക്കപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ജയനും ഭാര്യ സൗമ്യയും കൊണ്ടോട്ടിയിലെ അദാലത്ത് വേദിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. ബസില്‍ ക്ലീനറായി ജോലി ചെയ്തു വരികയായിരുന്ന ജയന്റെ വലതുകാല്‍ 2018 സെപ്തംബറിലുണ്ടായ ബസ് അപകടത്തില്‍ പൂര്‍ണമായി മുറിച്ചു മാറ്റുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ സഹായത്തോടെയാണ് ജയന്റെയും ഭാര്യയുടെയും ജീവിതം മുന്നോട്ട് പോയത്. ജയന്റെ പ്രശ്നങ്ങള്‍ കേട്ടറിഞ്ഞ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പരാതിയിന്മേല്‍ ഉടനെ പരിഹാരം കാണാന്‍ നിര്‍ദേശിക്കുകയായിരുന്നു. പെന്‍ഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശിച്ചതോടൊപ്പം ജയന് അടിയന്തര സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10,000 രൂപയും അനുവദിച്ചു. സര്‍ക്കാരിന്റെ സൗജന്യ കിറ്റും റേഷനും വലിയ ആശ്വാസമാണെന്നും പെന്‍ഷന്‍ കൂടി ലഭ്യമാകുന്നതോടെ ജീവിതത്തിന് വലിയ പ്രതീക്ഷയാണ് കൈവരുന്നതെന്നും ജയന്‍ പറഞ്ഞു.

date