സാന്ത്വന സ്പര്ശത്തില് ഹരിത ചട്ടം ഉറപ്പാക്കി ഹരിത കര്‍മ്മ സേനയും കുടുംബശ്രീയും
പൊന്നാനി എം.ഇ.എസ് കോളജില്‍ സാന്ത്വന സ്പര്‍ശം അദാലത്ത് നടന്നത് പൂര്‍ണമായും ഹരിത ചട്ടം പാലിച്ച്. വിവിധ സമയങ്ങളിലായി ആയിരക്കണക്കിനു പേര് വന്നു പോയ അദാലത്തില്‍ പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ ഒരിടത്തുമുണ്ടായിരുന്നില്ല. ഹരിത ചട്ടപാലനം ഉറപ്പു വരുത്താന്‍ പൊന്നാനി നഗരസഭയിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മുഴുവന്‍ സമയവും സജീവമായിരുന്നു. പരാതിയുമായെത്തുന്നവര്‍ കയ്യില്‍ കരുതിയിരുന്ന വെള്ള കുപ്പികളും മറ്റ് മാലിന്യങ്ങളും 17 അംഗ സംഘം കൃത്യമായ ഇടവേളകളില്‍ നീക്കം ചെയ്തുകൊണ്ടിരുന്നു.
ഓലകൊണ്ട് മെടഞ്ഞുണ്ടാക്കിയ ചെറു കുട്ടകളാണ് മാലിന്യ നിക്ഷേപത്തിനായി സ്ഥാപിച്ചിരുന്നത്. പ്രധാന പ്രവേശന കവാടം മുതല്‍ റജിസ്ട്രേഷന് കൗണ്ടര്‍, വിവിധ വകുപ്പുകളുടെ പരാതി പരിഹാര കൗണ്ടറുകള്‍, ഭക്ഷണ വിതരണ കേന്ദ്രം എന്നിവിടങ്ങളിലെല്ലാം ഇത്തരം ഓല കുട്ടകള്‍ ഒരുക്കിയിരുന്നു. ഭക്ഷണ വിതരണത്തിലും ഹരിത ചട്ടം പാലിച്ചായിരുന്നു ക്രമീകരണങ്ങള്‍. സ്റ്റീല്‍ ഗ്ലാസുകളും പുനരുപയോഗത്തിനു പറ്റുന്ന പാത്രങ്ങളുമുപയോഗിച്ചായിരുന്നു മൂന്ന് നേരങ്ങളിലായുള്ള ഭക്ഷണ വിതരണം. പൊന്നാനി നഗരസഭ സി.ഡി.എസിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരാണ് ഭക്ഷണ വിതരണം ഏറ്റെടുത്തത്. പൊതു പരിപാടികളില്‍ പാലിക്കേണ്ട ഹരിത നിയമങ്ങളെ കുറിച്ച് കൃത്യമായ അവബോധമുണര്‍ത്താനും ഇതുവഴി സംഘാടകര്‍ക്കായി.
- Log in to post comments