അപൂര്‍വരോഗ ബാധിതന്‍ അനയ്ദാസിന് അദാലത്തിലൂടെ ആശ്വാസം
അപൂര്‍വ രോഗ ബാധിതനായതിനാല്‍ ജനിച്ച നാള്‍ മുതല്‍ ദുരിതം പേറുന്ന കുഞ്ഞുകുഞ്ഞിന്റെയും കുടുംബത്തിന്റെയും ദൈന്യത കണ്ടറിഞ്ഞ് സര്‍ക്കാര്‍ സഹായം. കാടാമ്പുഴ പൊലീസ് സ്റ്റേഷന് സമീപം മഠത്തില്‍ വീട്ടില്‍ മോഹന്‍ദാസിന്റെയും രജ്ഞിനിയുടെയും രണ്ടാമത്തെ മകന്‍ അഞ്ചുവയസ്സുകാരനായ അനയ്ദാസിന്റെ ദുരവസ്ഥ കണ്ടറിഞ്ഞാണ് അടിയന്തര സഹായമായി 20000 രൂപ അനുവദിച്ചത്. അനയ്ദാസിന് മികച്ച ചികിത്സ നല്‍കാനും കുടുംബത്തെ സഹായിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി ഡോ.കെ.ടി ജലീല്‍ മാറാക്കര പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിര്‍ദേശവും നല്‍കി. പൊന്നാനിയിലെ അദാലത്തില്‍ അനയ്്ദാസുമായി എത്തി മോഹന്‍ദാസും രജ്ഞിനിയും കുട്ടിയുടെ അസുഖത്തെക്കുറിച്ച് മന്ത്രിമാരെ നേരിട്ട് ബോധ്യപ്പെടുത്തിയപ്പോഴായിരുന്നു അടിയന്തര നടപടി.
ദേഹമാസകലം ചുളിവും മുറിവുമുള്ള അപൂര്‍വ അസുഖമാണ് അനയ്ദാസിന്. ജന്മനാ ഈ അസുഖമുള്ളതിനാല്‍ കുട്ടിയ്ക്ക് കണ്‍പീലികള്‍ അടയ്ക്കാനാകില്ല. അതിനാല്‍ ജനിച്ചതു മുതല്‍ കണ്ണുതുറന്നാണ് ഉറക്കം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയിലും ത്വക്ക് രോഗങ്ങള്‍ക്ക് പ്രത്യേകമായി ചികിത്സിക്കുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രികളിലെല്ലാം മാറി മാറി ചികിത്സിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ലെന്ന് പെയിന്റിങ് തൊഴിലാളിയായ മോഹന്‍ദാസ് പറഞ്ഞു. നാട്ടുകാരില്‍ ചിലരും ഗസല്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് പ്രവര്‍ത്തകരും സമാഹരിച്ചു നല്‍കിയ തുക കൂടി ഉപയോഗിച്ചാണ് ഇത്രയും കാലം ചികിത്സ നടത്തിയത്. സാമ്പത്തികമായി തകര്‍ന്നതോടെ അദാലത്തില്‍ അപേക്ഷയുമായി എത്തുകയായിരുന്നു. അദാലത്തിലൂടെ സഹായം ലഭിച്ചതിന്റെ സംതൃപ്തിയോടെയാണ് കുടുംബം മടങ്ങിയത്. അനയ്ദാസിന്റെ സഹോദരി ഒന്‍പത് വയസ്സുകാരിയായ അവന്ദികയാണ്. അവന്ദികയ്്ക്ക് ശാരീരിക ബുദ്ധിമുട്ടുകളൊന്നുമില്ല.
- Log in to post comments