Skip to main content

കേരളവർമ്മ കോളേജ് തൃശൂരിന്റെ പൈതൃക സമ്പത്ത് - കെ ടി ജലീൽ

 

കേരള വർമ്മ കോളേജ് തൃശൂരിന്റെ പൈതൃക സമ്പത്തെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ. തൃശൂരിന്റെ ചരിത്രത്തിൽ മികവുറ്റ ഒരുപിടി മഹത് വ്യക്തികളെ വാർത്തെടുക്കാൻ ഈ പരിപാവനമായ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൈതൃക കലാലയം മികവിന്റെ കേന്ദ്രം എന്ന പദ്ധതിയിലുൾപ്പെടുത്തി നിർമ്മാണം ആരംഭിക്കുന്ന പി ജി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളവർമ്മയിൽ ആരംഭിച്ച എം എ ഹിന്ദി കോഴ്സിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്‌ മുഖ്യപ്രഭാഷകനായി. 

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച സൗകര്യങ്ങൾ കൊണ്ടുവരാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. 197 പുതിയ ന്യൂജൻ കോഴ്സുകൾ യൂണിവേഴ്സിറ്റികളിലും ക്യാമ്പ്സ് കോളേജുകളിലും ആരംഭിക്കാൻ കഴിഞ്ഞു. പന്ത്രണ്ടാം ക്ലാസ് പഠനം കഴിഞ്ഞാൽ പിന്നെ ഡിഗ്രി തലത്തിലും ഉയർന്ന തലത്തിലുള്ള വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും വിദ്യാർത്ഥികൾക്ക് ഉറപ്പുവരുത്തുക എന്നത് ഭരണകൂടത്തിന്റെ ചുമതലയാണ്. ഈ കർത്തവ്യങ്ങളെല്ലാം നിറവേറ്റണം എന്ന ലക്ഷ്യവുമായിട്ടാണ് സർക്കാർ മുന്നോട്ട് പോയിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യമായി ശ്രീനാരായണ ഗുരുവിൻറെ പേരിൽ കേരള യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ കഴിഞ്ഞതോടെ സയൻസ് വിഷയങ്ങൾ പഠിക്കണമെന്ന് ആഗ്രഹമുള്ളവർക്ക് വലിയ അവസരമാണ് വന്നു ചേർന്നത്. 

സംസ്ഥാന സർക്കാർ അഞ്ച് കോളേജുകളെ പൈതൃക കോളേജുകളായി പരിഗണിച്ച് അവർക്ക് വേണ്ട അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികൾ തയ്യാറാക്കിയപ്പോൾ അതിൽ കേരള വർമ്മയും സ്ഥാനം പിടിച്ചത് ഈ സ്ഥാപനത്തിന്റെ പ്രാധാന്യം മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മികവിന്റെ കേന്ദ്രമാകുന്നതിന്റെ ഭാഗമായി കേരളവർമ്മയിൽ 30 കോടി രൂപ ചെലവഴിച്ചാണ് പി ജി ബ്ലോക്ക് നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ 13.34 കോടി രൂപ ചിലവിലാണ്  നിർമ്മാണം ആരംഭിക്കുന്നത്.  30 കോടി രൂപ ചിലവഴിച്ചാണ് പി ജി ബ്ലോക്കിന്റെ നിർമ്മാണം പൂർത്തീകരിക്കുക.

ചടങ്ങിൽ  പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ ആർ ബിന്ദു, കൊച്ചിൻ ദേവസം ബോർഡ്‌ പ്രസിഡന്റ്‌ വി നന്ദകുമാർ, കൊച്ചിൻ ദേവസ്വം ബോർഡ് കമ്മീഷണർ എൻ ജ്യോതി, ദേവസ്വം ബോർഡ് സെക്രട്ടറി വി എ ഷീജ, ദേവസ്വം ബോർസ് മെമ്പർ എം ജി നാരായണൻ, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർമാരായ കെ സുധീന്ദ്രൻ, കെ വി അരുൺ, കോളേജ് യൂണിയൻ ചെയർമാൻ ജെ പി അനുരാജ് തുടങ്ങിയവർ പങ്കെടുത്തു.

2020 ൽ പുറത്തിറങ്ങിയ ജിപ്സിപ്പെണ്ണ് എന്ന കവിതാ സമാഹാരത്തിന് ഇന്ത്യൻ ട്രൂത് പുരസ്‌കാരം നേടിയ ഡോ ടി കെ കലമോൾ, സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ഗവ ഓഫ് യു എസ് എ യുടെ ഫുൾ ബ്രെറ്റ് ഫെലോഷിപ്പ് 2020 നേടിയ ഡോ കെ ജെ അരുൺ, പോർച്ചുഗലിലെ യൂണിവേഴ്സിറ്റി ഓഫ് അവേറോയുമായി ചേർന്ന് ഇന്റർനാഷണൽ പേറ്റന്റ്നേടിയ ഡോ കെ സുധീന്ദ്രൻ, 2019 ലെ കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി രചയിതാവിനുള്ള സ്പെഷ്യൽ ജൂറി പുരസ്‌കാരം നേടിയ ഡോ എം ആർ രാജേഷ്, സഹപീഡിയ യുനൈസ്‌കോ ഫെലോഷിപ്പ് നേടിയ ഡോ അമൽ സി രാജ് എന്നിവർക്ക് മന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

date