Skip to main content

സംസ്ഥാനത്ത് സസ്യാരോഗ്യ കേന്ദ്രങ്ങൾക്ക് തുടക്കം ജില്ലയിൽ പോർക്കുളത്തും,അന്നമനടയിലും

 

*കാർഷിക വളർച്ചയെ ത്വരിതപ്പെടുത്താൻ കൃഷിഭവനുകൾ 
സസ്യാരോഗ്യ കേന്ദ്രങ്ങളാക്കും - മന്ത്രി വി എസ്‌ സുനിൽകുമാർ*

സംസ്ഥാനത്ത് സസ്യാരോഗ്യ കേന്ദ്രങ്ങൾക്ക്‌  തുടക്കം. സംസ്ഥാന തല ഉദ്ഘാടനം തൃശൂർ ടൗൺഹാളിൽ വൈഗ 2021ന്റെ വേദിയിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ നിർവഹിച്ചു. സംസ്ഥാനത്തെ അഞ്ച് സസ്യാരോഗ്യ കേന്ദ്രങ്ങളാണ് ഉദ്ഘാടനം ചെയ്തത്. അഞ്ച് ലക്ഷം രൂപയാണ് ഓരോ കേന്ദ്രത്തിനും അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് കൃഷിഭവൻ, തൃശൂർ ജില്ലയിലെ അന്നമനട, പോർക്കുളം കൃഷി ഭവനുകൾ, ഇടുക്കി ജില്ലയിലെ സേനാപതി, വയനാട് ജില്ലയിലെ തൊണ്ടർനാട് കൃഷിഭവൻ എന്നിടങ്ങളിലാണിത്  ആരംഭിച്ചത്. 

കാർഷിക വളർച്ചയെ ത്വരിതപ്പെടുത്താൻ സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളും സസ്യാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. കൃഷി ഉദ്യോഗസ്ഥരുടെ പ്രൊഫഷണലിസം കർഷകർക്ക് ഉപയോഗപെടുന്നതിനു വേണ്ടിയാണ് ഈ ഉദ്യമം. കൃഷി  താഴെ തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തെ ഊട്ടി ഉറപ്പിക്കുന്നതിനാണ്  സസ്യാരോഗ്യ കേന്ദ്രങ്ങളെന്ന് മന്ത്രി ഉദ്ബോധിപ്പിച്ചു. പ്ലാൻ്റ് ഡോക്ടർമാരായ കൃഷി ഓഫീസർമാരുടെ സേവനം കർഷകർക്ക് ഏറ്റവും പ്രയോജനകരമായി ലഭ്യമാക്കാനുള്ള താഴെ തട്ടിലുള്ള സ്ഥാപനമായി ഈ സസ്യാരോഗ്യ  കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

കാർഷിക വിളകൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താനായി കീട രോഗ നിരീക്ഷണം നടത്തി കർഷകർക്ക് കീടരോഗബാധയെ കുറിച്ച് മുൻകൂട്ടി അറിവു നൽകുന്നതിനും നിയന്ത്രണമാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനുള്ള ശാസ്ത്രീയ നിർദ്ദേശങ്ങൾ നൽകുകയാണ് ഈ കേന്ദ്രങ്ങളുടെ ലക്ഷ്യം.
മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയ വളപ്രയോഗരീതി ശുപാർശ ചെയ്യുന്നതിനും സൗകര്യമുണ്ടാകും .
കീടരോഗ നിരീക്ഷണം ആസ്പദമാക്കി രണ്ടാഴ്ചയിലൊരിക്കൽ പെസ്റ്റ് ബുള്ളറ്റിൻ കർഷകർക്ക് ഇവിടെ നിന്നും നൽകുന്നതാണ്. 

ബ്ലോക്കു തലത്തിൽ ആരംഭിച്ചിട്ടുള്ള കാർഷികവിജ്ഞാന കേന്ദ്രങ്ങളുമായി ചേർന്ന് ഈ സസ്യാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതുവഴി കാർഷിക ഗവേഷണത്തിൻ്റെ ഫലങ്ങൾ കർഷകരിലേക്ക് നേരിട്ട് എത്തിച്ചേരാനുള്ള മാർഗമാണ് ഇതിലൂടെ തെളിഞ്ഞു വന്നിട്ടുള്ളത്.
ഇതോടൊപ്പം പഞ്ചായത്തകളിലെ കൃഷിപാഠശാലകൾ, വാർഡുതല കർഷക കൂട്ടായ്മകൾ കൂടി ചേരുമ്പോൾ കാർഷിക വിഞ്ജാന വ്യാപനത്തിൻ്റെ ശക്തമായ ഒരു ശൃംഖലയാണ്  സംസ്ഥാനത്ത്  രൂപപ്പെടുന്നത്.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ മുഖ്യാതിഥിയായി. കൃഷി വകുപ്പ് ഡയറക്ടർ ഡോ കെ വാസുകി  പദ്ധതി വിശദീകരണം നടത്തി. അഡീഷണൽ ഡയറക്ടർ കെ രാധാകൃഷ്ണൻ, ഡെപ്യൂട്ടി ഡയറക്ടർ അനു, ജില്ലാ കൃഷി ഓഫീസർ മിനി കെ എസ്‌ തുടങ്ങിയവർ പങ്കെടുത്തു.

date