Skip to main content

പിന്നോക്ക വിഭാഗങ്ങൾക്കും തുല്യ പ്രാതിനിധ്യം ഉറപ്പാകും - എ കെ ബാലൻ

 

പിന്നോക്ക വിഭാഗങ്ങൾക്കും സമൂഹത്തിൽ തുല്യ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ. എല്ലാ വിഭാഗം സമുദായങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്ന നടപടികളുമായിട്ടാണ് സർക്കാർ മുന്നോട്ട് പോയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. പരമ്പരാഗത തൊഴിലാളി സമൂഹങ്ങൾക്ക് സർക്കാരിന്റെ കരുതലുമായി സംസ്ഥാനത്ത് ആദ്യമായി നവീകരിച്ച കൊടകര കുംഭാര കോളനിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം  ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കുംഭാര സമുദായത്തിന്റെ ജീവിത നിലവാരം ഉയർത്തും. ഇതിന്റെ ഭാഗമായിട്ടുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും തൊഴിൽ സംബന്ധമായ സൗകര്യങ്ങളുടെയും മറ്റും പൂർത്തീകരണമാണ് സംസ്ഥാനത്ത് ആദ്യമായി കൊടകരയിൽ പൂർത്തീകരിച്ചിട്ടുള്ളത്.

ഈ പ്രത്യേക വിഭാഗത്തിന്റെ വികസനത്തിനും പുരോഗതിക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുള്ളത്. ഒരു കോടി രൂപ ചെലവഴിച്ചാണ് പദ്ധതികൾ പൂർത്തീകരിച്ചിട്ടുള്ളത്.
ആധുനികരീതിയിലും മൂല്യ വർധിത ഉത്പന്നങ്ങളിലേക്കുമുള്ള മൺപാത്ര നിർമ്മാണ രംഗത്തെ പുതിയ മാറ്റങ്ങൾ ഭാവിയിൽ ഗുണം ചെയ്യും.തൊഴിലിന്റെയും അനുബന്ധ പ്രവർത്തനങ്ങളുടെയും നിലവാരം ഉയരുന്ന അതിലൂടെ ജീവിത നിലവാരം ഉയർത്താനും സാധിക്കുന്നു.കുട്ടികളുടെ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങളിൽ  ഇങ്ങനെ പുതിയ മാറ്റം കൊണ്ടുവരാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ ബി ഡി ദേവസ്സി എം എൽ എ അധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാൻ എം പി മുഖ്യാതിഥിയായി. കൊടകര പഞ്ചായത്ത്‌ പ്രസിഡന്റ്‌ അമ്പിളി സോമൻ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ആർ പ്രസാദൻ, പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ പി ഐ ശ്രീവിദ്യ, കേരള സംസ്ഥാന കളിമൺ പാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ കെ എൻ കുട്ടമണി, എൽ എസ് ജി ഡി അസിസ്റ്റന്റ് എൻജിനിയർ സുബിൻ ശേഖർ തുടങ്ങിയവർ പങ്കെടുത്തു.

മൺപാത്ര നിർമ്മാണത്തിനും ഉത്പന്നങ്ങളുടെ പ്രദർശനത്തിനും വിൽപ്പന ക്കുമായി വർക്ക്‌ ഷെഡിന് 72 ലക്ഷം രൂപയുടെ സാങ്കേതിക അനുമതിയാണ് ലഭിച്ചിട്ടുള്ളത്.82 കുടുംബങ്ങൾക്കുള്ള കുടിവെള്ള പദ്ധതി പൂർത്തീകരിച്ചു.150മീറ്റർ റോഡ് ടാർ ചെയ്തു സഞ്ചാര യോഗ്യമാക്കി.250 മീറ്റർ റോഡ് ഇന്റർലോക്ക് വിരിച്ചു എന്നിവയാണ് കോളനിയിൽ പൂർത്തീകരിച്ച വികസന പദ്ധതികൾ.

date