Skip to main content

ഒഴിവുള്ള നിയമനങ്ങൾക്ക് സർക്കാർ ഒരു കുറവും വരുത്തിയിട്ടില്ല: മന്ത്രി എ സി മൊയ്തീൻ ആർ കെ എൽ എസ് പദ്ധതി പ്രകാരം അയൽക്കൂട്ടങ്ങൾക്കുള്ള രണ്ടാം ഗഡു വിതരണം ആരംഭിച്ചു 

 

സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളിൽ ഒഴിവുള്ള നിയമനങ്ങൾക്ക് സർക്കാർ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് മന്ത്രി എ സി മൊയ്തീൻ. റിസര്‍ജന്‍റ് കേരള ലോണ്‍ സ്കീം (ആർ കെ എൽ എസ്) പദ്ധതി പ്രകാരം അയാൽക്കൂട്ടങ്ങൾക്കുള്ള രണ്ടാം ഗഡു വിതരണത്തിന്റെ ജില്ലാതല വിതരണോദ്ഘാടണം മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്ത് 4011 നിയമന ഒഴിവുകളാണുള്ളത്. ഒരു സ്ഥാപനത്തിൽ ഒഴിവു വരുന്നത് ജോലിയിൽ ഇരിക്കുന്ന ആൾ പിരിഞ്ഞു പോകുമ്പോഴോ മരിച്ചു പോകുമ്പോഴോ ആണ്. ഒഴിവു വരുന്ന മുറയ്ക്ക് പിഎസ് സിക്ക് റിപ്പോർട്ട് ചെയ്ത് പി എസ് സി പരീക്ഷ നടത്തി റാങ്ക്‌ലിസ്റ്റ് പ്രകാരമാണ് നിയമനം നടത്തുക. പത്തു വർഷത്തിനു മുകളിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പിഎസ്സി റാങ്ക് ലിസ്റ്റിനേയും നിയമനത്തിനെയും ഒഴിവുകളെയും ബാധിക്കാത്ത തരത്തിൽ സൂപ്പർ ന്യൂമറിക് പോസ്റ്റുകൾ ആയിട്ടാണ് അത്തരം നിയമനങ്ങൾ നടത്തുക. മനുഷ്യത്വപരമായ സമീപനം എന്ന നിലയിലാണ് ഇത്തരം പോസ്റ്റുകളെ സർക്കാർ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രതിസന്ധി കാലത്ത് സർക്കാർ നൽകുന്ന സഹായമാണ് ആർ കെ എൽ എസ്. ഇത്തരം പദ്ധതികളിലൂടെ സമൂഹത്തെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കണം. കുടുംബശ്രീയുടെ കാര്യത്തിൽ അത്രകണ്ട് കരുതൽ സംസ്ഥാന സർക്കാറിനുണ്ട്. സഹായിക്കാനും പണം നൽകാനും സർക്കാരും ബാങ്കുകളും ഒപ്പമുണ്ട്. തൊഴിൽ പരിശീലന പദ്ധതികൾ പ്രാവർത്തികമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ജനപിന്തുണ ഉറപ്പാക്കണം. ഇപ്പോഴത്തെ  ഈ സാഹചര്യത്തിൽ കുടുംബശ്രീയെ പുനഃസംഘടിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയണം. ശാസ്ത്രീയമായ ആസൂത്രണമാണ്  പഞ്ചായത്തുകളും  കുടുംബശ്രീകളും തമ്മിൽ വേണ്ടതെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു. 

 ജില്ലയിൽ അയല്‍ക്കൂട്ടങ്ങള്‍ക്ക് പലിശയിനത്തിൽ 22.53 കോടി രൂപയാണ് രണ്ടാം ഗഡുവായി വിതരണം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഒന്നാംഗഡുവായ 29.13 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നത് 2020 ഫെബ്രുവരിയിൽ വിതരണം ചെയ്തിരുന്നു. പ്രളയത്തില്‍ ഗൃഹോപകരണങ്ങള്‍, ജീവനോപാധികള്‍ നഷ്ടപ്പെട്ടവർ, വീടുകള്‍ക്ക് ചെറിയ തോതിലുള്ള അറ്റകുറ്റപണികള്‍ ആവശ്യമായിട്ടുള്ളവർ എന്നീ വിഷമാസന്ധികൾ നേരിടുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒരു കൈത്താങ്ങ് എന്ന നിലയിലാണ് സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന റിസര്‍ജന്‍റ് കേരള ലോണ്‍ സ്കീം (ആർ കെ എൽ എസ്) പദ്ധതി ആവിഷ്കരിച്ചത്. ഇത്പ്രകാരം  അയല്‍ക്കൂട്ടങ്ങള്‍ വഴി ഒരു ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കി.  പദ്ധതി പ്രകാരം 6837 അയല്‍ക്കൂട്ടങ്ങള്‍ക്ക് 353.90 കോടി വായ്പ ലഭ്യമാക്കി. ലഭ്യമാക്കിയ  വായ്പയുടെ പലിശയുള്‍പ്പെടെയുള്ള തിരിച്ചടവ് അയല്‍ക്കൂട്ടങ്ങള്‍ നടത്തി വരികയാണ്. ഈ വായ്പയുടെ പലിശയിനത്തിൽ നിന്നാണ് ഗഡുക്കളായി തുക അനുവദിക്കുന്നത്.

ജില്ലയിലെ 6837 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ 43846 കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. വായ്പ കൃത്യമായി തിരിച്ചടവ് വരുത്തിയിട്ടുളള കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് അവരുടെ അയല്‍ക്കൂട്ടത്തിന്‍റെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേക്ക് പലിശ നേരിട്ട് നല്‍കുന്നതാണ്.

ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ് കുമാർ പദ്ധതി വിശദീകരിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി കെ ഗിരിജ, ജില്ലാ പഞ്ചായത്ത് സമിതി അധ്യക്ഷൻ മാരായ പി എം അഹമ്മദ്, കെ എസ് ജയ, ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ, ലീഡ് ബാങ്ക് മാനേജർ കെ കെ അനിൽകുമാർ, കേരള സഹകരണ ബാങ്ക് ജനറൽ മാനേജർ ഇൻചാർജ് പൊ ആർ രവിചന്ദ്രൻ,  ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിക്രമൻ ആശാരി,  കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ റെജി തോമസ് എന്നിവർ പങ്കെടുത്തു.

 ജില്ലയിലെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട 18 സി ഡി എസ് ചെയര്‍പേഴ്സണ്‍മാരെ ആദരിക്കല്‍,  ദേശീയ അവാര്‍ഡ് നേടിയ എറിയാട് പഞ്ചായത്തിലെ സി ഡി എസിലെ ഉഷസ്സ് അയല്‍ക്കൂട്ടത്തിനെ ആദരിക്കല്‍, കുടുംബശ്രീയുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന രേഖ പ്രകാശനം, പി എസ് സി ഒന്നാം റാങ്ക് നേടിയ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ രമ്യയെ ആദരിക്കല്‍ എന്നിവയും മന്ത്രി എ സി മൊയ്തീൻ നിർവ്വഹിച്ചു.

date