Skip to main content

മുസിരിസ് പാഡിലിന് ആവേശകരമായ സമാപനം  

 

കൊച്ചി-മുസിരിസ് പൈതൃക പദ്ധതിയുടെ  പ്രചാരണത്തിനും അഡ്വഞ്ചര്‍-ആക്റ്റിവിറ്റി അധിഷ്ഠിത ടൂറിസത്തിന്റെ പ്രോത്സാഹനത്തിനുമായി കൊടുങ്ങല്ലൂർ കോട്ടപ്പുറം കായലോരത്ത് തുടക്കം കുറിച്ച മുസിരിസ് പാഡിലിന് ആവേശകരമായ സമാപനം. കേരള ടൂറിസം വകുപ്പിന് കീഴിലുള്ള മുസിരിസ് ഹെറിറ്റേജ് പ്രോജക്ട് കോഴിക്കോട്ടെ ജെല്ലി ഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സുമായി സഹകരിച്ച് രണ്ടു ദിവസങ്ങളായി സംഘടിപ്പിച്ച  മുസിരിസ് പാഡില്‍  എറണാകുളം ബോള്‍ഗാട്ടിയിലാണ് സമാപിച്ചത്.

രാജ്യത്തിനകത്തും പുറത്തും നിന്നുള്ള 100ലേറെ കയാക്കര്‍മാരും സ്റ്റാന്റപ് പാഡ്ലര്‍മാരും സെയിലര്‍മാരും കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം മുതല്‍ ബോള്‍ഗാട്ടി വരെ  നാല്പത് കിലോമീറ്റര്‍ ദൂരമുള്ള  ജലപാതയിലൂടെ  തുഴഞ്ഞെത്തി. സ്വിറ്റ്‌സര്‍ലന്റില്‍ നിന്നുള്ള സെഡ്രിക്, അമേരിക്കയില്‍ നിന്നുള്ള ആദം എന്നിവര്‍ മുസിരിസ് പാഡിലിന്റെ ഭാഗമായി. 20 വനിതകളും കുട്ടികളും പാഡിലില്‍ പങ്കെടുത്തു. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന സ്പൈസ് റൂട്ടിന്റെ കൈവഴികളിലുള്ള പൈതൃക കേന്ദ്രങ്ങളുടെ സാംസ്‌കാരിക വൈവിധ്യം അനുഭവിച്ചറിഞ്ഞുകൊണ്ടുള്ള മുസിരിസ് പാഡില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും വേറിട്ട അനുഭവമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ മുസിരിസ് പാഡിലിന് സുരക്ഷാ മേല്‍നോട്ടം വഹിച്ചത് വാട്ടര്‍ സ്‌പോര്‍ട്‌സ് രംഗത്ത്  വിദഗ്ദ്ധരായ ഗൈഡുകളും പ്രൊഫഷനലുകളും അടങ്ങുന്ന  ജെല്ലി ഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സാണ്. പാഡിലിന്റെ ഭാഗമായി കായലില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു നീക്കം ചെയ്യുന്നതിന് വളണ്ടിയര്‍ സേനയും അണിനിരന്നു. 

 സമാപന ചടങ്ങില്‍ ടി ജെ വിനോദ് എം എല്‍ എ മുഖ്യാതിഥിയായി. മേയര്‍ അഡ്വ എം അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കേരള മാരിടൈം ബോര്‍ഡ് സി ഇ ഒ ടി പി സലിംകുമാര്‍ ഐ ആര്‍ എസ്,  മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി എം നൗഷാദ്, ജെല്ലിഫിഷ് വാട്ടര്‍സ്‌പോര്‍ട്‌സ് ജനറല്‍ മാനേജര്‍ എ കെ ശ്രീജിത്, മുസിരിസ് പൈതൃക പദ്ധതി മാര്‍ക്കറ്റിംഗ് മാനേജര്‍ ഇബ്രാഹിം സബിൻ എന്നിവർ പങ്കെടുത്തു.

date