Skip to main content

ജില്ല ശുദ്ധജല മത്സ്യവിത്തുല്‍പാദനത്തില്‍ സ്വയംപര്യാപ്തമാകാന്‍ തയ്യാറാവുന്നു  

  ശുദ്ധജല മത്സ്യ വിത്തുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമാകാന്‍ ഒരുങ്ങി ജില്ല, കുളത്തൂപ്പുഴ നെടുവണ്ണൂര്‍കടവിലെ മത്സ്യ വിത്തുല്പാദന കേന്ദ്രത്തിന്റെ രണ്ടാംഘട്ട പൂര്‍ത്തീകരണ ഉദ്ഘാടനവും നൈല്‍ തിലാപ്പിയ ഹാച്ചറിയുടെ നിര്‍മാണോദ്ഘാടനവും ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഓണ്‍ലൈനായി നിര്‍വഹിച്ചു.
ശുദ്ധജല മത്സ്യ വിത്തുല്പാദനത്തിലൂടെ ജില്ലയെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുന്നതിന് ഒപ്പം മികച്ച തൊഴിലവസരങ്ങളും ഈ പദ്ധതിയിലൂടെ സൃഷ്ടിക്കാന്‍ കഴിയും. ഫിഷറീസ് വകുപ്പ് മുഖേന മത്സ്യകൃഷിക്ക് താല്പര്യമുള്ളവര്‍ക്കായി ബയോഫ്‌ലോക്ക്, പടുതാക്കുളം എന്നിങ്ങനെ വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ സുഭിക്ഷ കേരളത്തിലും ഫിഷറീസ് വകുപ്പ് പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഹാച്ചറിയുടെ രണ്ട് ഘട്ടങ്ങളും ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
1.8 കോടി നൈല്‍ തിലാപ്പിയ കുഞ്ഞുങ്ങളെ നൂതന സാങ്കേതിക വിദ്യയിലൂടെ ഉത്പാദിപ്പിക്കുന്ന പദ്ധതിയായ നൈല്‍ തിലാപ്പിയ ഹാച്ചറിക്കും തുടക്കം കുറിക്കുകയാണ്.  12.21 കോടി രൂപയാണ് ഹാച്ചറിക്കായുള്ള ധനസഹായം. സംസ്ഥാനതലത്തില്‍ തന്നെ ഫിഷറീസ് വകുപ്പിന്റെ ഏറ്റവും ബൃഹത്തായ പദ്ധതിയാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കുളത്തൂപ്പുഴ നെടുവണ്ണൂര്‍കടവില്‍ രണ്ട് ഘട്ടങ്ങളായാണ് മത്സ്യ വിത്തുല്പാദന കേന്ദ്രം പൂര്‍ത്തീകരിച്ചത്. 3.93 കോടി രൂപ ചെലവഴിച്ചു ആദ്യഘട്ടത്തില്‍ പന്ത്രണ്ട് നഴ്‌സറി ടാങ്കുകളും,  തനത് മത്സ്യവിത്ത് ഉല്‍പാദനത്തിനായി 20 ടാങ്കുകളും ഓഫീസ് കെട്ടിടവും രണ്ട് വര്‍ഷം മുമ്പ് പൂര്‍ത്തീകരിച്ചു. 35 ലക്ഷം കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് ജില്ലയിലെ വിവിധ മത്സ്യ കര്‍ഷകര്‍ക്ക് വിതരണം  ചെയ്യുകയും ചെയ്തു. രണ്ടാം ഘട്ടത്തില്‍ അഞ്ചു കോടി രൂപ ചെലവില്‍ 10 നഴ്‌സറി കുളങ്ങളും നാല് ബ്രൂഡ് സ്റ്റോക്ക് കുളങ്ങളും പൂര്‍ത്തിയാക്കി. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിനായിരുന്നു നിര്‍വഹണ ചുമതല. നൈല്‍ തിലാപ്പിയ ഹാച്ചറിയുടെ ഭാഗമായി  ബയോഫെന്‍സിങ് ഉള്‍പ്പെടെയുള്ള മൂന്ന് എര്‍ത്ത് കുളങ്ങള്‍, 14 റിയറിങ് ടാങ്കുകള്‍,  ഹാച്ചറി കെട്ടിടം, ജനറേറ്റര്‍ കം ഇടിപി ഷെഡ്,  എഫ്ആര്‍പി ടാങ്കുകള്‍,  അപ്രോച്ച് റോഡ്,  കുഴല്‍ കിണര്‍ എന്നിവയും ഫാക്ടറിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ എയറേഷന്‍ സിസ്റ്റം, ബ്ലോവറുകള്‍,  പ്ലംബിങ് എന്നിവയും സജ്ജമാക്കും.
വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി  അധ്യക്ഷനായി. ജില്ലയുടെ വനമേഖലയോട് ചേര്‍ന്ന് മത്സ്യവിത്ത് ഉല്‍പാദനത്തിനായി വലിയൊരു സംരംഭമാണ് ഫിഷറീസ് വകുപ്പ് ഒരുക്കിയിട്ടുള്ളത്. ജില്ലയിലും സമീപ ജില്ലകളിലുമുള്ള മത്സ്യ കര്‍ഷകര്‍ക്കും ബൃഹത്തായ ഈ  പദ്ധതിയുടെ ഗുണം ലഭിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ മത്സ്യമേഖലയില്‍ മെച്ചപ്പെട്ട വളര്‍ച്ചയും ഉണര്‍വും കൈവരിക്കാന്‍ സര്‍ക്കാരിനായെന്നും അദ്ദേഹം പറഞ്ഞു.
കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറാ സൈഫുദീന്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം  റെജി ഉമ്മന്‍, ഫിഷറീസ് ഡയറക്ടര്‍ സി എ ലത, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ചീഫ് എന്‍ജിനീയര്‍ ബി ടി വി കൃഷ്ണന്‍, കേരള സംസ്ഥാന തീരദേശ  വികസന കോര്‍പ്പറേഷന്‍ ചീഫ് എന്‍ജിനീയര്‍ എം എ മുഹമ്മദ് അന്‍സാരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഫിഷറീസ് വകുപ്പ് ഉപഡയറക്ടര്‍  കെ സുഹൈര്‍ ഫിഷറീസ് വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.402/2021)

 

date