Skip to main content

നാടുണര്‍ത്തി നാട്ടുകൂട്ടം, ചര്‍ച്ച വികസനം

   
നാടുണര്‍ന്നു നാട്ടുകൂട്ടമായി ചര്‍ച്ച. ചര്‍ച്ചയ്‌ക്കൊടുവില്‍ വികസന പദ്ധതികള്‍ക്ക് പ്രാരംഭ രൂപരേഖയാക്കി പിരിഞ്ഞു. തദ്ദേശസ്ഥാപനങ്ങള്‍ക്ക് മാതൃകയായി വികസന കാര്യങ്ങള്‍   ചര്‍ച്ചചെയ്യാന്‍ കൂടിയ നാട്ടുകൂട്ടം ശ്രദ്ധേയമായി. കൊല്ലം കോര്‍പ്പറേഷനില്‍ 52  ഡിവിഷനില്‍ കൗണ്‍സിലര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യു പവിത്രയുടെ നേതൃത്വത്തില്‍ കൂടിയ നാട്ടുകൂട്ടമാണ് വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.
സംസ്ഥാന ബജറ്റില്‍ തിരുമുല്ലാവാരം തീര്‍ത്ഥാടന വിനോദ സഞ്ചാരമേഖലയാക്കുന്നതിന് തുക അനുവദിച്ച സാഹചര്യത്തില്‍ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും, വാര്‍ഡ് സഭ കൂടുന്നതിനുമാണ് നാട്ടുകൂട്ടം ചേര്‍ന്നത്.
  വിശ്വാസം നിലനിര്‍ത്തി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് വിനോദ സഞ്ചാര മേഖല വികസിപ്പിക്കുന്നതിന് നടപടി എടുക്കുമെന്ന് സമാപന യോഗം ഉദ്ഘാടനം ചെയ്ത  ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ പറഞ്ഞു.
തിരുമുല്ലാവാരം തീര്‍ഥാടന കേന്ദ്രമായി വികസിക്കുമ്പോള്‍ ജനങ്ങള്‍ക്ക് സുരക്ഷിതമായി പിതൃദര്‍പ്പണം നടത്തുന്നതിന് ആവശ്യമായ പടവുകള്‍  കെട്ടുന്നതിനും ബലിതര്‍പ്പണത്തിനും മുന്‍ഗണന  നല്‍കുമെന്നും മന്ത്രി പറഞ്ഞു. കടല്‍ അലങ്കാര മത്സ്യത്തിന് സാധ്യത കൂടുതലുള്ള സ്ഥലമാണ് തിരുമുല്ലാവാരം. ഇതുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികള്‍ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുമുല്ലാവാരം വികസന സമിതി സംഘാടക സമിതിക്കും യോഗം രൂപം നല്‍കി. രക്ഷാധികാരി ചൈത്രം മോഹനന്‍ അധ്യക്ഷനായി.
തിരുമുല്ലാവരം ദേവസ്വം ബോര്‍ഡ് എല്‍ പി സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന ബഹുജന കണ്‍വെന്‍ഷനോട് അനുബന്ധിച്ച് തിരുമുല്ലാവാരം ഡിവിഷന്‍ വാര്‍ഡ് സഭയും വിവിധ വികസന വിഷയങ്ങളില്‍ പ്രഭാഷണം, ചര്‍ച്ച എന്നിവയും നടന്നു.
എം മുകേഷ് എം എല്‍ എ, നോര്‍ക്കാ റൂട്സ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍, സാമൂഹിക നീതി വകുപ്പ് മുന്‍ ഡയറക്ടര്‍ വി എന്‍ ജിതേന്ദ്രന്‍, കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍, സംഘാടക സമിതി കണ്‍വീനര്‍ എം വിശ്വനാഥന്‍, പ്രിന്‍സിപ്പാള്‍ ഡോ കെ മനോജ് കിണി, കെ എം എം എല്‍ മുന്‍ എം ഡി കെ രാഘവന്‍, കൊട്ടിയം എന്‍ എസ് എസ് കോളേജ് അധ്യാപകന്‍ ഡോ എം ശ്രീകുമാര്‍, ധനകാര്യ ബാങ്കിങ് രംഗത്തെ വിദഗ്ധന്‍ എം എം അന്‍സാരി, സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം എസ് ജമാല്‍ തുടങ്ങിയവര്‍ വിവിധ വികസന വിഷയങ്ങളില്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് വിവര-പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വികസന പെരുമയില്‍ കൊല്ലം - വികസന ചിത്രപ്രദര്‍ശനവും നടന്നു.
തീരദേശ വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഷെയ്ക്ക് പരീദ്, അഡാക് അഡീഷണല്‍ ഡയറക്ടര്‍ ദിനേശ് ചെറുവാട്ട്, സംഘാടക സമിതി അംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.409/2021)

date