Skip to main content

എല്ലാ ജില്ലകളിലും കരിയര്‍ ഡെവലപ്മെന്റ് സെന്ററുകള്‍ തുടങ്ങും: മന്ത്രി ടി.പി. രാമകൃഷ്ണന്‍

യുവാക്കളുടെ തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നതിനും മെച്ചപ്പെട്ട തൊഴിലിലേക്കു വഴികാട്ടുന്നതിനുമായി എല്ലാ ജില്ലകളിലും കരിയര്‍ ഡെവലപ്മെന്റ് സെന്ററുകള്‍ തുടങ്ങുമെന്നു തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. പാലോട് ട്രൈബല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആന്‍ഡ് കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ഓഫിസ് മന്ദിരോദ്ഘാടനവും പട്ടികജാതി, പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്കായി ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്ന തൊഴില്‍ നൈപുണ്യ വികസന പദ്ധതിയായ 'സമന്വയുടെ' സംസ്ഥാനതല ഉദ്ഘാടനവും വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികളാണു നടപ്പാക്കിയതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും തുല്യ അവസരങ്ങളിലൂടെ തുല്യനീതി ഉറപ്പാക്കാന്‍ സര്‍ക്കാരിനായി. 'സമന്വയ' പദ്ധതിയിലൂടെ പട്ടികജാതി, പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്കു സ്വയംതൊഴില്‍ ബോധവല്‍ക്കരണം, മത്സരപരീക്ഷാ പരിശീലനം എന്നിവ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

 

പട്ടികവര്‍ഗ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്കു മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായാണു 2018ല്‍ രാജ്യത്തെതന്നെ ആദ്യ ട്രൈബല്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് പാലോട് ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനോടൊപ്പം കരിയര്‍ ഡെവലപ്‌മെന്റ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ നയത്തിന്റെ ഭാഗമായി ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും തൊഴിലന്വേഷകര്‍ക്കും വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ നൂതന പ്രവണതകളെക്കുറിച്ച് അറിവു നല്‍കുക, തൊഴില്‍ ആസൂത്രണം ചെയ്യുന്നതിന് പ്രാപ്തരാക്കുക എന്നിവയാണ് കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ലക്ഷ്യം. നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ സംരംഭങ്ങളായ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍, എംപ്ലോയബിലിറ്റി സെന്റുകള്‍ എന്നിവ വഴി കൂടുതല്‍ തൊഴിലവസരങ്ങളാണ് ഉദ്യോഗാര്‍ഥികള്‍ക്കായി സൃഷ്ടിക്കുന്നത്. 

 

ഒന്നര കോടി രൂപ ചെലവഴിച്ചാണ് ട്രൈബല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് & കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ പുതിയ ഓഫിസ് മന്ദിരം നിര്‍മാണം പൂര്‍ത്തീകരിച്ചത്. ആധുനിക പഠനമുറികള്‍, ലൈബ്രറി തുടങ്ങിയ സംവിധാനങ്ങളോടുകൂടിയ മന്ദിരത്തിന്റെ നിര്‍മാണച്ചുമതല നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു. നിര്‍മാണം ആരംഭിച്ച് ഒന്നര വര്‍ഷത്തിനകം പൂര്‍ത്തീകരിച്ച മന്ദിരം സ്ഥിതി ചെയ്യുന്നത് പാലോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ സമീപത്താണ്. ഉദ്ഘാടന ചടങ്ങില്‍ ചടങ്ങില്‍ ഡി.കെ. മുരളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, എംപ്ലോയ്മെന്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date