Skip to main content

തീരദേശ റോഡുകള്‍ ഉദ്ഘാടനം ചെയ്തു

ചിറയിന്‍കീഴ് നിയോജകമണ്ഡലത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച വിവിധ തീരദേശറോഡുകളുടെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി തീരദേശത്തെ സാമൂഹിക പശ്ചാത്തല വികസനം ലക്ഷ്യമിട്ട് ഒന്‍പത് ജില്ലകളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 104 തീരദേശറോഡുകളുടെ ഉദ്ഘാടനവും എട്ടു ജില്ലകളിലായി നിര്‍മിക്കുന്ന 80 തീരദേശറോഡുകളുടെ നിര്‍മാണണോദ്ഘാടനവും ചടങ്ങില്‍ നടന്നു. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് ചിറയിന്‍കീഴ് മണ്ഡലത്തിലെ റോഡുകള്‍ നിര്‍മിച്ചത്. 

 

അഴൂര്‍ പഞ്ചായത്തില്‍ 33.3 ലക്ഷം രൂപ ചെലവഴിച്ചാണ് പെരുങ്ങുഴി വയല്‍തിട്ട മൂലയില്‍ വീട് റോഡും 37.8ലക്ഷം രൂപ ചെലവഴിച്ച് മുടപുരം-മുട്ടപ്പലം റോഡും നിര്‍മിച്ചത്. അഞ്ചുതെങ്ങ് പഞ്ചായത്തില്‍ 55 ലക്ഷം രൂപ ചെലവഴിച്ചാണ് പുത്തന്‍നട അടവിനകം റോഡ് നിര്‍മിച്ചത്. 69.60 ലക്ഷം രൂപ ചെലവിട്ടു നിര്‍മിക്കുന്ന മുതലപ്പൊഴി-പുതുക്കുറിച്ചി റോഡിന്റെ നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. അഴൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷത വഹിച്ചു. റോഡുകളുടെ ശിലാഫലകവും അദ്ദേഹം അനാച്ഛാദനം ചെയ്തു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date