Skip to main content

സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിൽ വനിതകൾക്കായി സ്റ്റുഡിയോ അപ്പാർട്ട്മെന്റുകൾ നിർമിക്കും : മന്ത്രി ടി.പി. രാമകൃഷ്ണൻ

ജോലിക്കെത്തുന്ന വനിതകൾക്ക് സുരക്ഷിതമായ താമസ സൗകര്യം ഉറപ്പാക്കാൻ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിൽ 'സ്റ്റുഡിയോ അപ്പാർട്ട്മെന്റുകൾ' സ്ഥാപിക്കുമെന്ന്  തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ മേനംകുളത്ത്  ആരംഭിക്കുന്ന 'സ്റ്റുഡിയോ അപ്പാർട്ട്മെന്റ് പദ്ധതിയുടെ' ശിലാസ്ഥാപനം വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കുകയായിരുന്നു മന്ത്രി. 

 

അസംഘടിത മേഖലയിലുള്ളവർക്കും കുറഞ്ഞ വരുമാനമുള്ളവർക്കും ഈ താമസസൗകര്യം ഏറെ പ്രയോജനം ചെയ്യുമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് മിതമായ വാടക നിരക്കിൽ താമസസൗകര്യം ഏർപ്പെടുത്തുന്നതിലൂടെ വിവിധ തൊഴിൽ  മേഖലകളിൽ സ്ത്രീസാന്നിധ്യം ഉറപ്പാക്കാൻ സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.  സ്ത്രീകളുടെ ഉന്നമനത്തിനായി നിലകൊണ്ട സംസ്ഥാന സർക്കാർ,  ബഡ്ജറ്റിന്റെ 19.54 ശതമാനവും സ്ത്രീകൾക്ക് വേണ്ടിയുള്ള വിവിധ പദ്ധതികൾ ആവിഷ്‌ക്കരിക്കാനാണ് വിനിയോഗിച്ചത്. സ്റ്റുഡിയോ അപ്പാർട്ട്മെന്റ് പദ്ധതി ഒരു സുപ്രധാന ചുവടുവെയ്പ്പ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

 'ഭവനം ഫൗണ്ടേഷൻ കേരളയാണ്' 'സ്റ്റുഡിയോ അപ്പാർട്ട്മെന്റ്' പദ്ധതി നടപ്പിലാക്കുന്നത്.  മേനംകുളം കിൻഫ്ര അപ്പാരൽ പാർക്കിൽ 0.73 ഏക്കറിലായി 1.22 കോടി രൂപ ചെലവഴിച്ചാണ് ഈ ഭവനസമുച്ചയം നിർമിക്കുന്നത്. ആറു നിലകളിലായി 130 യൂണിറ്റുകൾ നിർമിക്കും.  അഗ്നിശമന സംവിധാനം, മഴവെള്ള സംഭരണ സംവിധാനം, ഖരമാലിന്യ നിർമാർജ്ജന യൂണിറ്റ്, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, 24 മണിക്കൂർ സെക്യൂരിറ്റി  സംവിധാനം തുടങ്ങിയവ അപ്പാർട്ട്മെന്റിന്റെ   സവിശേഷതകളാണ്. 

 

ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി അധ്യക്ഷത വഹിച്ച ചടങ്ങിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് സ്വാഗതം പറഞ്ഞു. മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

date