Skip to main content

സ്ഥലം മാറിയാലും വിരമിച്ചാലും ക്വാർട്ടേഴ്‌സ് വിട്ടു നല്കാത്ത പ്രവണത മാറ്റണം- മന്ത്രി ജി.സുധാകരന്‍

 

ആലപ്പുഴ : സ്ഥലം മാറിയ ശേഷവും വിരമിച്ച ശേഷവും ജീവനക്കാര്‍ സര്‍ക്കാര്‍ ക്വാർട്ടേഴ്‌സ് വിട്ടു നല്കാത്ത പ്രവണത മാറ്റേണ്ടതുണ്ടെന്ന് പൊതുമരാമത്ത്-രജിസ്‌ട്രേഷൻ മന്ത്രി ജി. സുധാകരൻ പറഞ്ഞു. ഇതിനു വേണ്ട നിർദ്ദേശങ്ങൾ സ്വീകരിച്ചതായും വലിയ രീതിയിലുള്ള നിർമാണമാണ് ജില്ലയിൽ പൊതുമരാമത്ത് കെട്ടിട വിഭാഗം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

സർക്കാർ ജീവനക്കാർക്കായി ആലപ്പുഴ കൈതവനയിൽ സർക്കാർ നിർമിച്ച ഫ്‌ളാറ്റ് ക്വാർട്ടേഴ്‌സുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 4.16 കോടി രൂപ ചെലവിൽ മൂന്നു നിലകളിലായി മൂന്ന് ബ്ലോക്കിൽ 18 ക്വാർട്ടേഴ്‌സുകളാണ് നിർമിക്കുന്നത്. ഇതിൽ രണ്ടു ബ്ലോക്കുകളിലെ 12 ക്വാർട്ടേഴ്‌സുകൾ പൂർത്തീകരിച്ചു. മൂന്നാമത്തെ ക്വാർട്ടേഴ്‌സിന്റെ നിർമാണം വേഗം പൂർത്തിയാക്കും. ക്വാർട്ടേഴ്‌സിനുള്ളിലെ റോഡുകൾ അടിയന്തിരമായി നിർമ്മിക്കാന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മന്ത്രി നിര്‍ദ്ദേശം നൽകി.

ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ സൗമ്യരാജ്, നഗരസഭാംഗം മനീഷ, പൊതുമരാമത്തുവകുപ്പ് കെട്ടിടവിഭാഗം ചീഫ് എൻജിനീയർ ഹൈജിൻ ആല്‍ബര്‍ട്ട്, സൂപ്രണ്ടിങ് എൻജിനീയർ ലൈജു, എക്‌സിക്യൂട്ടീവ് എൻജിനീയർ വി.ഐ. നസീം, അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ ഏബിൾ മോൻ എന്നിവർ പങ്കെടുത്തു.

date