Skip to main content

കുഞ്ചൻ നമ്പ്യാർ മ്യൂസിയത്തിന്റെയും സാംസ്കാരിക സമുച്ചയത്തിന്റെയും നിർമാണോദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിച്ചു 

 

ആലപ്പുഴ : നാലരക്കോടി രൂപ ചെലവിൽ നിർമിക്കുന്ന കുഞ്ചൻ നമ്പ്യാർ മ്യൂസിയത്തിൻറേയും സാംസ്കാരിക സമുച്ചയത്തിൻറേയും നിർമ്മാണോദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവ്വഹിച്ചു. സർക്കാർ ബജറ്റിൽ വകയിരുത്തിയ മൂന്ന് കോടി രൂപയും മന്ത്രി ജി സുധാകരൻറെ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1.5 കോടി രൂപയും വിനിയോഗിച്ച് അത്യാധുനിക സൗകര്യങ്ങളോടെയാണ് നിർമ്മാണം.

മൂന്നു ദിശയിൽ നിന്നും പരിപാടി ആസ്വാദിക്കാവുന്ന തരത്തിൽ അഞ്ഞൂറ് ഇരിപ്പിട സൗകര്യത്തോടെയുള്ള ആഡിറ്റോറിയം, സ്‌റ്റേജ്,  സാംസ്കാരിക മ്യൂസിയം, സ്മാരക സമിതി ഓഫീസ്, തുള്ളൽ പഠന ഗവേഷണ കേന്ദ്രം, വിപുലീകരിച്ച ലൈബ്രറി, കലാകാരന്മാർക്ക് ക്യാമ്പ് ചെയ്യാനുള്ള താമസ സൗകര്യം, ഭക്ഷണശാല, ശുചി മുറി തുടങ്ങിയ സൗകര്യങ്ങളും സമുച്ചയത്തിലുണ്ടാകും. അമ്പലപ്പുഴ ടൗൺ ഹാളിൽ ചേർന്ന സമ്മേളനത്തിൽ സ്മാരക സമിതി വൈസ് ചെയർമാൻ എച്ച് സലാം അധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഷീബാ രാകേഷ്, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ കവിത, ജില്ലാ പഞ്ചായത്തംഗം പി അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം ആർ ജയരാജ്, പൊതുമരാമത്തു കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ വി ഐ നസീം, സമിതി സെക്രട്ടറി കെ വി വിപിൻദാസ് എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട സ്മാരക സമിതി അംഗവും നഗരസഭാ ചെയർപേഴ്സണുമായ സൗമ്യ രാജ്, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ജി സൈറസ്, കൈനകരി പഞ്ചായത്ത് പ്രസിഡൻറ് എം സി പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം ജി വേണു ലാൽ,  പ്രജിത്ത് കാരിക്കൽ, സുഷമരാജീവ് എന്നിവരെ എ ഓമനക്കുട്ടൻ, കൈനകരി സുരേന്ദ്രൻ, എച്ച് സുബൈർ, ശ്രീലേഖാ മനോജ് എന്നിവർ ആദരിച്ചു.

date