Skip to main content

കാപ്പിത്തോട് നവീകരണത്തിന് 16 കോടി രൂപ അനുവദിച്ചു: മന്ത്രി ജി സുധാകരൻ

 

ആലപ്പുഴ: കാപ്പിത്തോട് നവീകരണത്തിന് 16 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. മുൻ വർഷത്തിൽ 18 കോടി രൂപ അനുവദിച്ചിരുന്നു. പല തടസങ്ങളാൽ പദ്ധതി മുടങ്ങി പോയിരുന്നു. എല്ലാവരുടെയും സഹകരണമുണ്ടായാൽ ഈ വർഷം പദ്ധതി പൂർത്തീകരിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ട്രാഫിക് സേഫ്റ്റി ഫണ്ടിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച എസ് എൻ കവല -വളഞ്ഞവഴി- കക്കാഴം ഭാഗത്തെ  ഓടയുടെയും വളഞ്ഞവഴി മുതൽ കക്കാഴം-ആർ ഓ ബി വരെ ഇന്റർലോക്ക് ടൈൽ പാകിയതിന്റെയും പുനരുദ്ധാരണം നടത്തിയ അമ്പലപ്പുഴ കച്ചേരിമുക്ക് ജംഗ്ഷനന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ട്രാഫിക് സേഫ്റ്റി ഫണ്ടിൽ ഉൾപ്പെടുത്തി 44.41 ലക്ഷം രൂപയ്ക്കാണ് എസ് എൻ കവല -വളഞ്ഞവഴി- കക്കാഴം ഭാഗത്ത് ഓടയുടെ നിർമാണം നടത്തിയത്. 1.94 കോടി രൂപ മുടക്കിയാണ് വളഞ്ഞവഴി മുതൽ കക്കാഴം ആർ ഓ ബി വരെ ഇന്റർലോക്ക് ടൈൽ പാകിയത്.

ട്രാഫിക് സേഫ്റ്റി ഫണ്ടിൽ ഉൾപ്പെടുത്തി 82.67 ലക്ഷം രൂപ ചെലവിലാണ് അമ്പലപ്പുഴ കച്ചേരിമുക്ക് ജംഗ്ഷൻ നവീകരണം നടത്തിയിത്. പരിപാടിയിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ രാകേഷ് അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ഹാരിസ്,അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കവിത, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ്, ജില്ലാ പഞ്ചായത്ത് അംഗം പി അഞ്ചു, എൻ എച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ ആർ അനിൽ കുമാർ, എസ് ബി സ്മിത, എൻ എച്ച് സൂപ്രണ്ടിങ് എഞ്ചിനീയർ ഉണ്ണികൃഷ്ണൻ നായർ, ജനപ്രതിനിധികൾ, തുടങ്ങിയവർ സന്നിഹിതരായി.

date