Skip to main content

സൗരോര്‍ജ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കുക ലക്ഷ്യം: മന്ത്രി എം എം മണി

കെ എസ് ഇ ബി പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ കെട്ടിടം നാടിന് സമര്‍പ്പിച്ചു

സൗരോര്‍ജ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ്  മന്ത്രി എം എം മണി പറഞ്ഞു. പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഇനി വൈദ്യുതി ഉല്‍പാദനത്തിനുള്ള പ്രധാന മാര്‍ഗം സൗരോര്‍ജ്ജ സംഭരണമാണ്. സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള നൂതന മാര്‍ഗങ്ങള്‍ സ്വീകരിച്ച് ഉല്‍പാദനം കൂട്ടാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. ഊര്‍ജ്ജ നഷ്ടം കുറച്ച് വൈദ്യുതി വിതരണം ചെയ്യണം. ഒപ്പം ഊര്‍ജത്തിന്റെ ഉപയോഗം കുറക്കാനും കഴിയണം. വൈദ്യുതി ലാഭിക്കാന്‍ എല്‍ ഇ ഡി ബള്‍ബുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി ബോര്‍ഡ് വികസനരംഗത്ത് ഏറ്റവും മുന്നേറ്റമുണ്ടാക്കിയ കാലമാണിത്. തുടര്‍ച്ചയായ അഞ്ചാമത്തെ വര്‍ഷവും കേന്ദ്ര ഊര്‍ജ്ജവകുപ്പിന്റെ അംഗീകാരം കേരളത്തെ തേടിയെത്തി. സമ്പൂര്‍ണ വൈദ്യുതീകരണം സാധ്യമാക്കിയതും പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഒഴിവാക്കിയതും സര്‍ക്കാര്‍ പ്രഖ്യാപനങ്ങളുടെ പൂര്‍ത്തീകരണമാണ്. 17 ലക്ഷത്തിലധികം വൈദ്യുതി കണക്ഷനുകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഡിവിഷനുകളിലൊന്നായ പയ്യന്നൂര്‍ ഡിവിഷന്‍ ഓഫീസ്  വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വന്നത്. 1085 ചതുരശ്ര മീറ്ററുള്ള കെട്ടിടത്തില്‍  17 സെക്ഷന്‍ ഓഫീസുകളും 280000 ഉപഭോക്താക്കളും 544 ജീവനക്കാരുമാണ്  ഉള്‍പ്പെടുന്നത്. എഴുപത് ലക്ഷം രൂപ മുടക്കിലാണ് 33 കെ വി സബ് സ്റ്റേഷനോടു ചേര്‍ന്നുള്ള സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ചത്.
ചടങ്ങില്‍ സി കൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, വൈദ്യുതി ബോര്‍ജ് ഡയറക്ടര്‍ ഡോ. വി ശിവദാസന്‍,  ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് എച്ച് ആര്‍ എം ഡയറക്ടര്‍ പി കുമാരന്‍, ചീഫ് എന്‍ജിനീയര്‍ ടി ആര്‍ സുരേഷ്,  നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി ലളിത, നഗരസഭ വൈസ് ചെയര്‍മാന്‍ പി വി കുഞ്ഞപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഐ പി ദിലീപ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു

date