Skip to main content

ഹൈടെക്കായി കല്യാശ്ശേരി മണ്ഡലത്തിലെ ലൈബ്രറികള്‍ മന്ത്രി എം എം മണി പ്രഖ്യാപനം നടത്തി

കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ ലൈബ്രറികള്‍ സമ്പൂര്‍ണ ഹൈടെക് ആയതിന്റെ പ്രഖ്യാപനം വൈദ്യുതി മന്ത്രി എം എം മണി നിര്‍വഹിച്ചു.  കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ മുഴുവന്‍ ലൈബ്രറികളും ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി    ടി വി രാജേഷ് എം എല്‍ എ യുടെ പ്രാദേശിക വികസന  ഫണ്ടില്‍ നിന്നും ലൈബ്രറികള്‍ക്ക് ലാപ്‌ടോപ്പ്, പ്രിന്റര്‍, പ്രൊജക്ടര്‍, സ്‌ക്രീന്‍, സൗണ്ട് സിസ്റ്റം എന്നിവ നല്‍കിയിരുന്നു. ആദ്യ ഘട്ടത്തില്‍ മണ്ഡലത്തിലെ 111 ലൈബ്രറികളിലാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. പുതുതായി അഫിലിയേഷന്‍ ലഭിച്ച 17 ലൈബ്രറികള്‍ക്കും കൂടി ഉപകരണങ്ങള്‍ വിതരണം ചെയ്തതോടെ ഒരു കോടി 50 ലക്ഷം രൂപയുടെ പദ്ധതി പൂര്‍ത്തിയായി. പി എസ് സി പരിശീലന കേന്ദ്രം, ഫിലിം ക്ലബ്ബ് എന്നിവ രൂപീകരിച്ച് ഹൈടെക്ക് ജനസേവന കേന്ദ്രങ്ങളായി മാറാനുള്ള ഒരുക്കത്തിലാണ് മണ്ഡലത്തിലെ മുഴുവന്‍ ഗ്രന്ഥശാലകളും.
എരിപുരത്ത് മാടായി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനായി. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി  ഷാജിര്‍, ജില്ലാ പഞ്ചായത്തംഗം സി പി ഷിജു, പയ്യന്നൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ ശിവകുമാര്‍, കണ്ണൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ബാലന്‍ മാസ്റ്റര്‍, ലൈബ്രറി കൗണ്‍സില്‍ മാടായി മേഖല സെക്രട്ടറി കെ പി മനോജ് കുമാര്‍, കണ്ണൂര്‍ ഇലക്ട്രോണിക്‌സ് സബ് ഡിവിഷന്‍ അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി ആര്‍ സജീവന്‍, പി പ്രേമചന്ദ്രന്‍ മാസ്റ്റര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ലൈബ്രറി കൗണ്‍സില്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date