Skip to main content

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍  മുഴുവന്‍ പൂര്‍ത്തീകരിക്കാനായി: മന്ത്രി എം എം മണി

  സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പ്രാവര്‍ത്തികമാക്കിയതായി വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പറഞ്ഞു. ബര്‍ണ്ണശ്ശേരിയില്‍ പുതുതായി ആരംഭിക്കുന്ന ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സമ്പൂര്‍ണ്ണ വൈദ്യുതീകരണം, തടസമില്ലാത്ത വൈദ്യുതി, ലോഡ്‌ഷെഡിങ്ങ് ഒഴിവാക്കല്‍ എന്നീ മൂന്ന് വാഗ്്ദാനങ്ങള്‍ തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കി. ഇവ മൂന്നും പ്രാവര്‍ത്തികമാക്കി. വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കുകയെന്ന എന്ന ലക്ഷ്യവും സര്‍ക്കാരിനുണ്ടെന്ന് മന്ത്രി പറഞ്ഞു.  
വൈദ്യുതി ഉല്‍പാദനം കാര്യക്ഷമമാക്കി  വിതരണ മേഖലയും മെച്ചപ്പെടുത്തി ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് വൈദ്യുതി വകുപ്പ് നടത്തുന്നത്. അതിനായി 220 കെ വി, 400 കെ വി സബ് സ്റ്റേഷനുകള്‍ കൂടുതലായി ആരംഭിച്ചു. ജലവൈദ്യുത നിലയങ്ങളാണ് ചെലവു കുറഞ്ഞതെങ്കിലും അവ ഇനി സാധ്യമല്ല. അതിനാല്‍ സൗരോര്‍ജ വൈദ്യുതി ഉല്പാദനം വര്‍ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.  സംസ്ഥാനത്തിന് ആവശ്യമായതിന്റെ 35 ശതമാനം വൈദ്യുതി മാത്രമാണിവിടെ ഉല്‍പാദിപ്പിക്കുന്നത്. 65 ശതമാനം വൈദ്യുതിയും പുറത്ത് നിന്ന് വാങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.
കണ്ണൂര്‍ ബൈപ്പാസ് യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി മുണ്ടയാട് സ്ഥിതി ചെയ്തിരുന്ന ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ് ഒഴിവാക്കേണ്ടി വന്നതിനാലാണ് ബര്‍ണ്ണശ്ശേരിയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. 1. 85 കോടി രൂപ ചെലവില്‍ 386.55 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണതത്തിലാണ് ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ് ഒരുങ്ങുന്നത്. ഒരു സ്യൂട്ട് റൂം, രണ്ട് എ സി റൂമുകള്‍, ഒരു നോണ്‍ എസി റൂം, ഒരു ഹാള്‍, ഭക്ഷണ ശാല എന്നിവ കെട്ടിടത്തില്‍ ഒരുക്കും.  ഒമ്പത് മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കും.
തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കെ എസ് ഇ ബി എല്‍ ഡയറക്ടര്‍ ഡോ. വി ശിവദാസന്‍, കണ്ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി ചന്ദ്രബാബു, ചീഫ് എഞ്ചിനീയര്‍ ഡിസ്ട്രിബ്യൂഷന്‍ നോര്‍ത്ത് മലബാര്‍ ടി ആര്‍ സുരേഷ്, തലശ്ശേരി ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി കെ ബഷീര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

date