Skip to main content

താവം പോസ്‌റ്റോഫീസ്-പള്ളിക്കര റോഡ് ഉദ്ഘാടനം ചെയ്തു

സംസ്ഥാന സര്‍ക്കാര്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് 56.60 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച താവം പോസ്‌റ്റോഫീസ്-പള്ളിക്കര റോഡിന്റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഓണ്‍ലൈനായി നിര്‍വഹിച്ചു.
തീരദേശ റോഡുകളുടെ നിലവാരമുയര്‍ത്തുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ താവം പോസ്‌റ്റോഫീസ് മുതല്‍ പള്ളിക്കര വരെ 561 മീറ്റര്‍ റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. ആദ്യ 42 മീറ്റര്‍ ഇന്റര്‍ലോക്കും തുടര്‍ന്നുള്ള 224 മീറ്ററില്‍ ആറ് മീറ്റര്‍ വീതിയില്‍ ഫോര്‍മേഷന്‍ പ്രവൃത്തിയും ചെയ്തു. ഇതോടൊപ്പം ഇരുഭാഗവും പാര്‍ശ്വഭിത്തിയും നാല് മീറ്റര്‍ വീതിയില്‍ ടാറിംഗും പൂര്‍ത്തിയാക്കി. ബാക്കി ഭാഗം, 271 മീറ്റര്‍ നിലവിലുള്ള റോഡിന്റെ ഉപരിതലം ടാറിംഗും നടത്തി.  94 മീറ്റര്‍ ഡ്രൈനേജ്  നിര്‍മ്മിച്ചു.
ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനായി. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് കണ്ണൂര്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി വി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെറുകുന്ന് ഗ്രാമഞ്ചായത്ത് പ്രസിഡണ്ട് ടി നിഷ, ജില്ലാ പഞ്ചായത്ത് അംഗം എസ് കെ ആബിദ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മ പരാഗന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി സജീവന്‍, സെക്രട്ടറി എം വി ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date