Skip to main content

പ്രതിസന്ധികളില്‍ കേരളത്തിലെ യുവത്വം ഒപ്പം നിന്നു: മുഖ്യമന്ത്രി സ്പീക്ക് യംഗ് പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പ്രതിസന്ധികളുണ്ടായപ്പോള്‍ കേരളത്തിലെ യുവത്വം ഒപ്പം നിന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്പീക്ക് യംഗ്
പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓഖി, പ്രളയം, കാലാവര്‍ഷക്കെടുതി, കൊവിഡ് തുടങ്ങിയ പ്രതിസന്ധികളില്‍ കേരളത്തിലെ യുവത്വം സ്വയം മുന്നോട്ട് വന്നെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സമൂഹത്തിന്റെ പുരോഗതിക്കും നാടിന്റെ വളര്‍ച്ചക്കും ഏറ്റവും കൂടുതല്‍ സംഭാവന നല്‍കാന്‍ കഴിയുന്നത് യുവാക്കള്‍ക്കാണ്. ഭാവി കേരളം എങ്ങനെ രൂപപ്പെടണം എന്നതില്‍ യുവാക്കളുടെ ആശയങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. സ്വകാര്യവല്‍ക്കരണവും കോര്‍പറേറ്റ് വല്‍ക്കരണവും ശക്തി പ്രാപിക്കുന്ന കാലത്ത് ബദല്‍ നയവുമായി കേരളം മുന്നോട്ട് പോവുകയാണ്. യുവജനങ്ങള്‍ക്കായി സാമൂഹ്യ സന്നദ്ധ സംഘടനകള്‍ക്ക് രൂപം നല്‍കി. മൂന്ന് ലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തു. ഒരു ലക്ഷത്തോളം സാമൂഹ്യ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം തൊഴിലവസരങ്ങള്‍ വര്‍ധിച്ചു. പഠിച്ചു വരുന്ന ചെറുപ്പകാര്‍ക്ക് തൊഴില്‍ നൈപുണ്യം ലഭ്യമാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്.  ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന നിരോധനം വരെ ഉണ്ടായിരുന്നിടത്ത് യുവജനങ്ങളുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കാത്ത സമീപനം എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചു. പി എസ് സി വഴി 2020 ഡിസംബര്‍ 31 വരെ  151513 പേര്‍ക്ക് അഡൈ്വസ് മെമ്മോ നല്‍കി. പുതുതായി 27000ത്തോളം സ്ഥിരം തസ്തികകളും 17000 താല്‍കാലിക തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള നടപടികളും സ്വീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാന യുവജന കമ്മീഷന്‍ ബോര്‍ഡ് മികച്ച പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ കാഴ്ച വെച്ചത്. കേരള വളണ്ടിയര്‍ ആക്ഷന്‍ ഫോഴ്‌സിന് രൂപം നല്‍കി. കലാ കായിക സാംസ്‌കാരിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങളും കെ എ എസ് പരിശീലനം, പ്ലാസ്മ ദാനം പോലുള്ള മാതൃകാ പ്രവര്‍ത്തനങ്ങളും കാഴ്ച്ച വെച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

 കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്ന പരിപാടിയില്‍ യുവാക്കള്‍ അവരുടെ  നിര്‍ദ്ദേശങ്ങള്‍ പങ്കുവെച്ചു. പരിസ്ഥിതി പ്രശ്നങ്ങളില്‍ യുവജനങ്ങളെ ഭാഗമാക്കുന്നതിനായി യുവജന സംഘടനകളോ ക്ലബ്ബുകള്‍ക്കോ രൂപം നല്‍കുക, വിദ്യാലയങ്ങള്‍ ഹൈടെക് ആക്കുന്നതോടൊപ്പം അധ്യാപകര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുക, തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി എംപ്ലോയ്മെന്റ് ഗ്യാരന്റി ആക്ട് നടപ്പാക്കുക, കൗണ്‍സിലിംഗ് സംവിധാനം കോളേജുകളില്‍ നടപ്പാക്കി പഠന മേന്മ വര്‍ധിപ്പിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കുക,  ഓണ്‍ലൈന്‍ ഗെയിമിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുക, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ രാത്രികാല പോലിസ് പെട്രോളിംഗ് ശക്തമാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് യുവജനങ്ങളുടെ ഭാഗത്തു നിന്നും ഉയര്‍ന്നു വന്നത്.

 വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷനായി. സംസ്ഥാന യുവജന  ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് സതീഷ്, വിവിധ കേന്ദ്രങ്ങളില്‍ നിന്നായി എം എല്‍ എ മാര്‍, ജനപ്രതിനിധികള്‍, യുവജന സന്നദ്ധ പ്രവര്‍ത്തകര്‍, കലാകായിക സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു

date