Skip to main content

കരുതലിന്റെ സ്നേഹ സ്പര്‍ശമായി അഗ്‌നിരക്ഷാ സേനയുടെ ജനകീയ ഇടപെടല്‍                                                                                      സ്നേഹ സ്പര്‍ശം അദാലത്തില്‍ സഹായ ഹസ്തവുമായി സിവില്‍ ഡിഫന്‍സ് ടീം

ദുരന്ത മുഖത്ത് മാത്രം നാടറിയുന്ന അഗ്‌നി രക്ഷാ സേനക്കുമുണ്ടായിരുന്നു ജില്ലയില്‍ നടന്ന 'സാന്ത്വന സ്പര്‍ശം' അദാലത്തില്‍ ജനകീയതയുടെ വ്യത്യസ്തമായ ഭാവം. കരുതലിന്റെ സ്നേഹ സ്പര്‍ശമായി അഗ്‌നിരക്ഷാ സേനയുടെ ജനകീയ ഇടപെടല്‍ പ്രശംസ പിടിച്ചുപറ്റി. അപകട സ്ഥലങ്ങളിലുള്ള രക്ഷാ പ്രവര്‍ത്തനങ്ങളിലുപരി ജനസേവനത്തിന്റെ മാനുഷിക തലമാണ് അഗ്‌നിരക്ഷാ സേനയുടെ സിവില്‍ ഡിഫന്‍സ് ടീം പൊതുജന പരാതി പരിഹാര അദാലത്തില്‍ കാഴ്ചവെച്ചത്. ജീവിതവഴിയില്‍ ഉത്തരമില്ലാതെ പകച്ചവര്‍ക്ക് സ്നേഹ സ്പര്‍ശമായി പൊതുജന സഹകരണത്തോടെ രൂപീകരിച്ച സിവില്‍ ഡിഫന്‍സ് ടീം നേരത്തെ അദാലത്തുകള്‍ പൂര്‍ത്തിയായ പൊന്നാനി, കൊണ്ടോട്ടി എന്നിവിടങ്ങളിലെന്നപോലെ നിലമ്പൂരിലും സജീവമായിരുന്നു.
പരാതികളുമായി അദാലത്ത് വേദിക്കരികിലെത്തുന്നവര്‍ക്കെല്ലാം ആവശ്യമായ സഹായങ്ങള്‍ മുന്‍കൂട്ടി കണ്ട് ഒരുക്കുന്നതില്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയായിരുന്നു സിവില്‍ ഡിഫന്‍സ് ടീമിന്റെ പ്രവര്‍ത്തനം. പ്രവേശന കവാടത്തിനു മുന്നില്‍ കോവിഡ് ജാഗ്രത ഉറപ്പ് വരുത്തുന്നതിന് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പ്രത്യേക സംവിധാനം ഒരുക്കിയതു മുതല്‍ ആരംഭിക്കുകയായിരുന്നു ഈ ജനകീയ വളണ്ടിയര്‍ സേനയുടെ പ്രവര്‍ത്തനം. മാസ്‌കിന്റെ ശരിയായ ഉപയോഗം ഉറപ്പ് വരുത്തുകയും ശരീരോഷ്മാവ് പരിശോധിച്ച്  കൈകള്‍ സാനിറ്റൈസ് ചെയ്തുമാണ് പരാതിക്കാരെ  അകത്ത് പ്രവേശിപ്പിച്ചത്. ഭിന്നശേഷിക്കാരായവരെ വാഹനത്തില്‍ നിന്നിറക്കാനും മന്ത്രി കെ.ടി. ജലീലിന്റെ നേതൃത്വത്തില്‍ നടന്ന പരാതി പരിഹാര കേന്ദ്രത്തിലേക്കെത്തിക്കാനും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനുമെല്ലാം മെറൂണും കാക്കിയും കലര്‍ന്ന യൂണിഫോമിലെത്തിയ വളണ്ടിയര്‍മാര്‍ തുണയായി. ഒപ്പം പൊതു പരാതികളുമായി വരുന്നവര്‍ക്ക് സമീപിക്കേണ്ട കൗണ്ടറുകള്‍ കാണിച്ചു കൊടുത്ത് ആവശ്യമായ സേവനങ്ങള്‍ ഉറപ്പാക്കി.  പൊതു പരാതികള്‍ പരിഗണിച്ച മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, ടി.പി. രാമകൃഷ്ണന്‍ എന്നിവരുടെ പ്രത്യേക പരാതിപരിഹാര കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കാനും സിവില്‍ ഡിഫന്‍സ് സംഘം  മുന്നിലുണ്ടായിരുന്നു.
 

ദുരന്ത സമയങ്ങളില്‍ അഗ്‌നി രക്ഷാ സേനയെ സഹായിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരായ നാട്ടുകാരെ പ്രത്യേകം തിരഞ്ഞെടുത്താണ് സര്‍ക്കാര്‍ സിവില്‍ ഡിഫന്‍സ് ടീമിന് രൂപം നല്‍കിയത്. ജില്ലയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 350 സന്നദ്ധ സംഘാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് നടക്കുന്നതിനു മുമ്പ് ജനസേവനത്തിനുള്ള പ്രായോഗിക പരിശീലനം കൂടിയായി സാന്ത്വന സ്പര്‍ശം അദാലത്ത്. നിലമ്പൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം. അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍, തിരുവാലി, മഞ്ചേരി, പെരിന്തല്‍മണ്ണ ഫയര്‍ സ്റ്റേഷനുകള്‍ക്ക് കീഴിലുള്ള 10 വനിതകളുള്‍പ്പെടെ 70 അംഗ സംഘമാണ് നിലമ്പൂരിലെ അദാലത്തില്‍ സേവന സജ്ജരായി രംഗത്തെത്തിയത്. മറ്റ് തൊഴില്‍ മേഖലകളില്‍ വ്യാപൃതരായ ഇവരെല്ലാം നിസ്വാര്‍ഥ സേവനത്തിനിറങ്ങിയവരാണ്. സാമൂഹ്യ സേവനം ജീവിതത്തിന്റെ ഭാഗമാക്കിയ അഗ്‌നി രക്ഷാ സേനയുടെ സിവില്‍ ഡിഫന്‍സ് ടീം അംഗങ്ങളെ അദാലത്തിനെത്തിയ മന്ത്രിമാരും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണനും പ്രത്യേകം അഭിനന്ദിച്ചു.

date