Skip to main content

റേഷനും പെന്‍ഷനുമായി; റാഫിയുടെ വീടെന്ന സ്വപ്നവും യാഥാര്‍ത്ഥ്യത്തിലേക്ക്

സര്‍ക്കാരില്‍ നിന്ന് റേഷനും പെന്‍ഷനും മുടങ്ങാതെ കിട്ടുന്നുണ്ട്, ഇനി സ്വന്തമായി ഒരു വീട് കൂടി വേണം. നിലമ്പൂരില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തിലെത്തിയ മുഹമ്മദ് റാഫിയുടെ ആവശ്യം ഒരു വീടായിരുന്നു. പിന്നീട് ആഗ്രഹം സാഫല്യത്തിലേക്കടുത്തതിന്റെ സന്തോഷത്തിലാണ് റാഫി അദാലത്ത് വേദി വിട്ടത്. പി.എം.എ.വൈ പദ്ധതി പ്രകാരം വീട് ലഭിക്കുന്നവരുടെ പട്ടികയില്‍ റാഫിയുടെ പേരും ഉണ്ടെന്നറിയുന്നത് അദാലത്ത് വേദിയിലെത്തിയപ്പോഴാണ്. 35 കൊല്ലം മുമ്പ് കോയമ്പത്തൂരില്‍ നിന്ന് മലപ്പുറം ജില്ലയിലെ ചാപ്പനങ്ങാടിയിലെത്തിയതാണ് മുഹമ്മദ് റാഫി. ഹോട്ടല്‍ ജോലിയിലായിരുന്നു ഇത്രയും നാള്‍. പ്രായം 65 ലെത്തിയിട്ടും ഒരു വീട് നിര്‍മിക്കാനൊന്നും റാഫിക്ക് സാധിച്ചില്ല. ഭാര്യ ആസിയയുമൊത്ത് പുള്ളിപ്പാടം വില്ലേജില്‍ മമ്പാട് പഞ്ചായത്തിലെ ഒരു വാടക വീട്ടിലാണ് റാഫിയുടെ ഇപ്പോഴത്തെ താമസം. മുടങ്ങാതെ ലഭിക്കുന്ന പെന്‍ഷനാണ് ഇവരുടെ ജീവിതത്തിലെ ഏക ആശ്വാസം. അന്ത്യോദയ റേഷന്‍ കാര്‍ഡായതിനാല്‍ അരിയും മറ്റും ധാരാളമായി കിട്ടുന്നുണ്ട്. കോവിഡും ലോക്ഡൗണിലും സര്‍ക്കാര്‍ നല്‍കിയ കിറ്റ് ഏറെ സഹായമായതായും ആ വിശ്വാസമാണ് അദാലത്തിലേക്ക് വരാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും റാഫി പറയുന്നു.

date