Skip to main content

സാന്ത്വന സ്പര്‍ശം; എല്‍സിക്കും ആശ്വാസം

രണ്ട് വര്‍ഷമായി കിടപ്പിലായ ഭര്‍ത്താവും ജന്മനാ വികലാംഗയായ മകളുമുള്ള മണിമൂളി സ്വദേശിനി എഴുപതുകാരി എല്‍സിക്ക് അദാലത്ത് ആശ്വാസമായി. ഭര്‍ത്താവിന്റെയും മകളുടെയും ചികിത്സക്ക് ആവശ്യമായ സഹായാവശ്യവുമായാണ് എല്‍സി സാന്ത്വന സ്പര്‍ശത്തില്‍ എത്തിയത്. മന്ത്രി ടി.പി. രാമകൃഷ്ണന്‍ എല്‍സിയുടെ ആവശ്യം കേള്‍ക്കുകയും ആശ്വാസ ധനസഹായം അനുവദിക്കുകയും ചെയ്തു. സ്‌ട്രോക്ക് വന്ന് കുഴഞ്ഞു വീണ എല്‍സിയുടെ ഭര്‍ത്താവ് തോമസിന്റെ ഒരു കണ്ണിന്റെ കാഴ്ചയും ഇല്ലാതായതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം എല്‍സിക്കായി. ജന്മനാ എഴുപതു ശതമാനം വികലാംഗയായ മകള്‍ക്ക് ക്യാന്‍സര്‍ കൂടി ബാധിച്ചതോടെ ഏറെ ബുദ്ധിമുട്ടിലായി കുടുംബം. മകള്‍ക്ക് ലഭിക്കുന്ന വികലാംഗ പെന്‍ഷനും നാട്ടുകാരുടെ സഹായം കൊണ്ടുമാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. രണ്ട് പെണ്‍മക്കളും  ഒരു മകനുമാണ് എല്‍സിക്ക്. മകനും കൂലിപ്പണിയായതിനാല്‍ കാര്യമായ സഹായം മക്കളില്‍ നിന്നും ലഭിക്കാനില്ല. ഈ അവസ്ഥയില്‍ സാന്ത്വന സ്പര്‍ശത്തിലൂടെ ലഭിച്ച സഹായം വളരെ ആശ്വാസമായിയെന്ന് എല്‍സി പറഞ്ഞു.

date