Skip to main content

തിരൂരങ്ങാടി ഹജൂര്‍ കച്ചേരി സംരക്ഷണ പ്രവൃത്തിയ്ക്ക് തുടക്കം

പൈതൃക സ്മാരക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
 

സംസ്ഥാനത്ത് പൈതൃക സ്മാരക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാണെന്ന് പുരാവസ്തു-പുരാരേഖ-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ബ്രിട്ടീഷ് ഭരണകാലത്ത് ഹജൂര്‍ കച്ചേരിയായിരുന്ന തിരൂരങ്ങാടി ചെമ്മാട്ടെ ചരിത്രസ്മാരകം മ്യൂസിയമാക്കി സംരക്ഷിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുരാവസ്തു-പുരാരേഖ -മ്യൂസിയം വകുപ്പുകളെ കൂടുതല്‍ ജനകീയവും സജീവവുമാക്കാന്‍ പദ്ധതികള്‍ ആവിഷ്്ക്കരിച്ച് നടപ്പാക്കി. സംസ്ഥാനത്ത്  16 ചരിത്രസ്മാരകങ്ങള്‍ ഈ സര്‍ക്കാറിന്റെ കാലയളവില്‍ ഏറ്റെടുത്ത് സംരക്ഷിച്ചു. തിരൂരങ്ങാടിയില്‍ ജില്ലാ പൈതൃക സ്മാരകം ഒരുക്കാന്‍ എത്രയും വേഗത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പുതുതലമുറ നാടിന്റെ ചരിത്രം അറിഞ്ഞ് വളരേണ്ടത് പുതിയ കാലത്ത് അനിവാര്യമാണ്. ചരിത്രത്തെ മാറ്റിയെഴുതാനും വികലവുമാക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

വിജ്ഞാനത്തിനും വിനോദത്തിനുമായി എത്തുന്നവര്‍ക്ക് അറിവുകള്‍ നല്‍കുന്ന കേന്ദ്രമാക്കി പൈതൃക സ്മാരകത്തെ നിലനിര്‍ത്തുമെന്നും ജില്ലയിലെ മറ്റ് ചരിത്ര അവശേഷിപ്പുകള്‍ കൂടി മ്യൂസിയത്തിലെത്തിക്കുമെന്നും ചടങ്ങില്‍ അധ്യക്ഷനായ പി.കെ അബ്ദുറബ് എം.എല്‍.എ പറഞ്ഞു. തിരൂരങ്ങാടി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സിപി സുഹറാബി, നന്നമ്പ്ര, എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റുമാരായ റൈഹാനത്ത്, നാസര്‍ എടരിക്കോട്, മുന്‍ എംഎല്‍എ അഡ്വ.പിഎംഎ സലാം, തിരൂരങ്ങാടി നഗരസഭ കൗണ്‍സിലര്‍മാരായ ഇക്ബാല്‍ കല്ലുങ്ങല്‍, അഹമ്മദ്കുട്ടി കക്കടവത്ത്, പുരാവസ്തു ഡയറക്ടര്‍ ഇ.ദിനേശന്‍, റിസര്‍ച്ച് അസിസ്റ്റന്റ് കെ.പി സധു ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, ഭൂരേഖ തഹസില്‍ദാര്‍ പി.അന്‍വര്‍ സാദത്ത്, നഗരസഭ സെക്രട്ടറി ഇ നസീം തുടങ്ങിയവര്‍ സംസാരിച്ചു.

date