Skip to main content

പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നാളെ ( ഫെബ്രുവരി 15) വൈകീട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനാകും. പദ്ധതിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. പമ്പിങ് സ്റ്റേഷന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എം എബ്രഹാം, ഡി.എം.ആര്‍ സി അഡൈ്വസര്‍ ഇ.ശ്രീധരന്‍ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളാകും. പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ.സിന്ധു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
 

പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതിക്കായി നരിപ്പറമ്പില്‍ 75 കോടി ചെലവിലാണ് അത്യാധുനിക വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്  നിര്‍മിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ പൊന്നാനി നിയോജക മണ്ഡലം പൂര്‍ണമായും തവനൂര്‍ നിയോജക മണ്ഡലത്തിലെ തവനൂര്‍, കാലടി, എടപ്പാള്‍, വട്ടംകുളം എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കും ശുദ്ധീകരിച്ച കുടിവെള്ളം വിതരണം ചെയ്യാന്‍ കഴിയും. ശുദ്ധീകരിച്ച കുടിവെള്ളം കൂരടയിലുള്ള ഡാനിഡ പദ്ധതിയുടെ ടാങ്കിലേക്ക് കൊടുത്താണ് നന്നംമുക്ക്, ആലങ്കോട്, തവനൂര്‍, എടപ്പാള്‍, വട്ടംകുളം, കാലടി ഗ്രാമപഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യുന്നത്.  പൊന്നാനി നഗരസഭയിലേക്കും മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ്  എന്നീ ഗ്രാമപഞ്ചായത്തുകളിലെ ടാങ്കുകളിലേക്കും ശുദ്ധീകരണ പ്ലാന്റില്‍ നിന്ന് നേരിട്ട് വെള്ളം പമ്പ് ചെയ്യും. പൊന്നാനി താലൂക്കിലെ ശുദ്ധജല ആവശ്യം 50 കൊല്ലം മുന്നില്‍ കണ്ട് കൊണ്ടുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റാണ് നിര്‍മിച്ചിരിക്കുന്നത്. ഇതിന് ആനുപാതികമായ കപ്പാസിറ്റിയോടു കൂടി വിതരണ ശൃംഖലയും പുതുക്കി പണിയും. അതിന്റെ ഒന്നാം ഘട്ടത്തിനായി 125 കോടി രൂപ കിഫ്ബിയില്‍ ഭരണാനുമതിയായതോടെ വിതരണ ശൃംഖല സമഗ്രമായി പുനര്‍ നിര്‍മിക്കും.

date