Skip to main content

സേഫ് കേരള പദ്ധതി: ആധുനിക സംവിധാനങ്ങളുമായി ജില്ലാതല കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം നാളെ ആരംഭിക്കും ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

റോഡപകടങ്ങളിലൂടെയുള്ള മരണ നിരക്ക് കുറയ്ക്കുന്നതിനും ട്രാഫിക് എന്‍ഫോഴ്സ്മെന്റിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന സേഫ് കേരള പദ്ധതിയുടെ ഭാഗമായി കോട്ടക്കലില്‍ ആരംഭിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം നാളെ (ഫെബ്രുവരി 15) രാവിലെ 10ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. എം.എല്‍.എ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ അധ്യക്ഷനാവും.
 

കോട്ടക്കല്‍ ചങ്കുവെട്ടിക്ക് സമീപം പറമ്പിലങ്ങാടിയിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂമിന്റെ കെട്ടിടം സജ്ജമാക്കിയിരിക്കുന്നത്. 2,000 ചതുരശ്രയടിയുള്ള ഹാളിലാണ് സേഫ് കേരള പദ്ധതിയുടെ ഭാഗമായുള്ള നിര്‍മ്മിത ബുദ്ധിയോട് കൂടിയ ക്യാമറ സംവിധാനങ്ങള്‍, അമിത വേഗത, ട്രാഫിക് - സിഗ്നല്‍ ലംഘനങ്ങള്‍ എന്നിവ പിടികൂടുന്നതിലുള്ള സാങ്കേതിക സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുള്ളത്. നിയമ ലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള സംവിധാനങ്ങളുള്ള എന്‍ഫോഴ്സ്മെന്റ് വാഹനങ്ങളുള്‍പ്പടെ ആധുനിക സാങ്കേതിക സംവിധാനങ്ങളും മോട്ടോര്‍ വാഹന വകുപ്പിന് ലഭ്യമാകും. ആകെ 236 കോടി രൂപ ചെലവ് വരുന്ന പദ്ധതി കേരള സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണാണ് രൂപകല്‍പ്പന ചെയ്ത് നടപ്പിലാക്കുന്നത്.
മുകള്‍ നിലയിലുള്ള ഹാളില്‍ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ അടക്കമുള്ളവര്‍ക്കുള്ള റൂമുകളാണ്. നിലവില്‍ ആര്‍.ടി.ഒ, ഏഴ് എം.വി.ഐ, 18 എ.എം.വി.ഐ അടക്കം 26 ഉദ്യോഗസ്ഥരാണ് സേവനത്തിനുള്ളത്. ജില്ലയിലെ നൂറോളം റഡാര്‍ കാമറകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന കണ്‍ട്രോള്‍ റൂമാണ് ഇവിടെ പ്രവര്‍ത്തിക്കുക. നേരിട്ട് പരിശോധനയില്ലാതെ തന്നെ കാമറ വഴി അപകടങ്ങള്‍, നിയമലംഘനങ്ങള്‍ എന്നിവക്ക് നടപടിയെടുക്കാന്‍ കഴിയുമെന്നതാണ് പ്രധാന നേട്ടം. രാത്രികാല പരിശോധനയടക്കമുള്ള സ്‌ക്വാഡും എന്‍ഫോഴ്സ്മെന്റ് വിങ്ങിലൂടെ യാഥാര്‍ഥ്യമാകും.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വിശിഷ്ടാതിഥിയാകും. കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ബുഷ്റ ശബീര്‍, നഗരസഭ കൗണ്‍സിലര്‍ നുസൈബ അന്‍വര്‍ മങ്ങാടന്‍, ആര്‍.ടി.ഒ ഗോകുല്‍ ടി.ജി, കണ്‍ട്രോള്‍ റൂം എം.വി.ഐ മുഹമ്മദ് ഷഫീഖ് എന്നിവര്‍ പങ്കെടുക്കും.

date