സംസ്ഥാനത്തെ വാഹന പരിശോധനകള്‍ പരിഷ്കൃത രാജ്യങ്ങള്‍ക്ക് യോജിക്കുന്ന വിധം ആധുനികമായി - മന്ത്രി എ.കെ. ശശീന്ദ്രന് കോട്ടക്കലിലെ ജില്ലാതല ട്രാഫിക് കണ്ട്രോള് റൂമിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
സംസ്ഥാനത്തെ വാഹന പരിശോധനകള്‍ പരിഷ്കൃത രാജ്യങ്ങള്‍ക്ക് യോജിക്കുന്ന വിധം ആധുനിക വത്കരിച്ചതായി ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്. റോഡ് സുരക്ഷ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വാഹനമോടിക്കുന്നവരെ പിടികൂടാന്‍ വഴിയില്‍ കാത്തു നില്ക്കുന്ന ഉദ്യോസ്ഥര്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്ക് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. റോഡപകടങ്ങളിലൂടെയുള്ള മരണ നിരക്ക് കുറയ്ക്കുന്നതിനും ട്രാഫിക് എന്‍ഫോഴ്സ്മെന്റിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന സേഫ് കേരള പദ്ധതിയുടെ ഭാഗമായി കോട്ടക്കലില്‍ ആരംഭിക്കുന്ന ജില്ലാതല കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആയാസരഹിതവും തടസങ്ങളില്ലാതെയും അപേക്ഷകള്‍ പരിഹരിക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാകുന്നതാണ്. പരമാവധി സേവനങ്ങള്‍ ഓണ്‍ലൈനായി നല്കാന് വകുപ്പിന് സാധിക്കുന്നുണ്ട്. പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞാണ് അവര്‍ക്ക് വിദേശത്ത് നിന്നു തന്നെ ലൈസന്‍സിന് അപേക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ വകുപ്പ് വഴി ഒരുക്കിയത്. ഇത് പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് പൂര്‍ണമായും ഡിജിറ്റല്‍ എന്‍ഫോഴ്സ്മെന്റിലേക്ക് മാറുകയാണ്. ഇതിലൂടെ 50 ശതമാനത്തോളം റോഡപകടങ്ങള്‍ കുറക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കോട്ടക്കല്‍ ചങ്കുവെട്ടിക്ക് സമീപം പറമ്പിലങ്ങാടിയിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്ട്രോള് റൂമിന്റെ കെട്ടിടം സജ്ജമാക്കിയിരിക്കുന്നത്. 2,000 ചതുരശ്രയടിയുള്ള ഹാളിലാണ് സേഫ് കേരള പദ്ധതിയുടെ ഭാഗമായുള്ള നിര്‍മിത ബുദ്ധിയോട് കൂടിയ ക്യാമറ സംവിധാനങ്ങള്‍, അമിത വേഗത, ട്രാഫിക് - സിഗ്നല്‍ ലംഘനങ്ങള്‍ എന്നിവ പിടികൂടുന്നതിലുള്ള സാങ്കേതിക സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുള്ളത്. കേരള സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണാണ് പദ്ധതി രൂപകല്‍പ്പന ചെയ്ത് നടപ്പിലാക്കുന്നത്. ജില്ലയിലെ നൂറോളം റഡാര്‍ കാമറകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന കണ്ട്രോള് റൂമാണ് ഇവിടെ പ്രവര്‍ത്തിക്കുക. നേരിട്ട് പരിശോധനയില്ലാതെ തന്നെ കാമറ വഴി അപകടങ്ങള്‍, നിയമലംഘനങ്ങള്‍ എന്നിവക്ക് നടപടിയെടുക്കാന്‍ കഴിയുമെന്നതാണ് പ്രധാന നേട്ടം. രാത്രികാല പരിശോധനയടക്കമുള്ള സ്ക്വാഡും എന്‍ഫോഴ്സ്മെന്റ് വിങ്ങിലൂടെ യാഥാര്‍ഥ്യമാകും.
കോട്ടക്കലില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ അധ്യക്ഷ്യനായിരുന്നു. കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ബുഷ്റ ശബീര്‍, നഗരസഭ കൗണ്‍സിലര്‍ നുസൈബ അന്‍വര്‍ മങ്ങാടന്‍, ആര്.ടി.ഒ ഗോകുല്‍ ടി.ജി, കണ്ട്രോള് റൂം എം.വി.ഐ മുഹമ്മദ് ഷഫീഖ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments