Skip to main content

മാമാങ്കം- ചാവേര്‍ത്തറ പൈതൃകടൂറിസം പദ്ധതി  നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ദേവസ്വം മാമാങ്കം- ചാവേര്‍ത്തറ പൈതൃക ടൂറിസം പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ടൂറിസം, സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ശ്രീശൈലം ഓഡിറ്റോറിയത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയായിരുന്നു ഉദ്ഘാടനം. ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായി. ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ അധ്യക്ഷനായി.
 

ദൈവത്തിന്റെ സ്വന്തം നാടെന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന വിധം പ്രകൃതി വിഭാവങ്ങളാലും തനിമയാര്‍ന്ന സംസ്‌ക്കാര സമ്പന്നതായാലും അനുഗ്രഹീതമാണ് നമ്മുടെ നാടെന്നും കേരള ടൂറിസം, ടൂറിസം സംരംഭകര്‍, തദ്ദേശവാസികള്‍ എന്നിവരുടെ കാലങ്ങളായുള്ള കഠിന പ്രയത്‌നവും പങ്കാളിത്തവുമാണ് ടൂറിസം മേഖലയുടെ വളര്‍ച്ചക്ക് മുഖ്യകാരണമെന്നും ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളം നേടിയെടുത്ത ഈ വളര്‍ച്ച ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി മാറി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. കോവിഡിന്റെ പ്രതിഫലനം ടൂറിസം മേഖലയിലും ഉണ്ടായി. പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രത്യേകം പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. ഓരോ പദ്ധതിയും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്കാണെന്നും ആ വാക്ക് പാലിക്കാന്‍ സര്‍ക്കാരിന് കഴിയുന്നു എന്നതിനുള്ള തെളിവുകളാണ് പൂര്‍ത്തീകരിച്ച പദ്ധതികളെന്നും മന്ത്രി പറഞ്ഞു.
 

ചാവേര്‍ത്തറ സംരക്ഷിക്കാനും അനുബന്ധ ചരിത്രസ്മാരകങ്ങള്‍ പുതിയ തലമുറയ്ക്ക് കൈമാറാന്‍ ലക്ഷ്യം വെച്ചുകൊണ്ട് ടൂറിസം വകുപ്പ് തുക അനുവദിച്ചത് ചെറിയാകാര്യമല്ലെന്നും മാമാങ്കം ചാവേര്‍ത്തറ പൈതൃക ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു എന്നതും നമ്മുടെ ഭാഗ്യമായി കരുതുന്നുവെന്നും   സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ഒരു കോടി അന്‍പത് ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.  രണ്ട് ഗോപുരങ്ങള്‍, പ്രധാന ഗോപുരം മുതല്‍ ക്ഷേത്രനടവരെ കരിങ്കല്‍ പതിക്കല്‍, ചാവേര്‍ത്തറ പുനര്‍നിര്‍മാണം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, പാര്‍ക്കിങ് സൗകര്യം, ശുചിമുറി, ആല്‍ത്തറ ചുറ്റുമതില്‍കെട്ടി ആളുകള്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. ഡിടിപിസിയുടെ നേതൃത്വത്തില്‍ ജില്ലാ നിര്‍മിതി കേന്ദ്രക്കാണ് നിര്‍മാണ ചുമതല.
 

ടൂറിസം വകുപ്പ് ഡയറക്ടര്‍ പി. ബാലകിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എം.ആര്‍.മുരളി, അങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സഹീദ ടീച്ചര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം ടി.എന്‍.ശിവശങ്കരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ദിലീപ്, അങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്ത് അംഗം പി.രത്‌നകുമാരി, ആര്‍ക്കിടെക്ട് പ്രമോദ് കുമാര്‍, ഡിടിപിസി പ്രോജക്ട് എഞ്ചിനീയര്‍ രാജേഷ്, തിരുമാന്ധാംകുന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി.സി ദിനേശ് തുടങ്ങിയവര്‍ പങ്കെടുത്തു.

date