Skip to main content
പെരുവെമ്പ് ഗ്രാമപഞ്ചായത്തിലെ വടകരപ്പള്ളി റഗുലേറ്റര്‍ നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം  മന്ത്രി കെ. കൃഷ്ണന്‍ കുട്ടി നിര്‍വഹിക്കുന്നു.

മഴ കുറഞ്ഞിട്ടും പറമ്പിക്കുളം മേഖലയില്‍ ജലവിതരണം  സാധ്യമായത് കൃത്യമായി കൈകാര്യം ചെയ്തത് കൊണ്ട്- മന്ത്രി കെ.കൃഷ്ണന്‍കുട്ടി

 

പറമ്പിക്കുളം മേഖലയില്‍ 30 ശതമാനം മഴ കുറഞ്ഞിട്ടും  ജലവിതരണം കുറ്റമറ്റ രീതിയില്‍ നടപ്പാക്കാനായത് കൃത്യമായ ജല മാനേജ്‌മെന്റ് മൂലമാണെന്ന്  ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ചിറ്റൂര്‍ പുഴയ്ക്ക്  കുറുകെ പെരുവെമ്പ് ഗ്രാമപഞ്ചായത്തിലെ വടകരപ്പള്ളി റഗുലേറ്റര്‍ നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  മീങ്കരയ്ക്കും ചുള്ളിയാറിനും പുറമെ സീതാര്‍കുണ്ടിനും ജലം ഉറപ്പാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. പെരുവെമ്പ് പൊല്‍പ്പുള്ളി പഞ്ചായത്തുകളുടെ ആവശ്യമാണ് വടകരപ്പള്ളി റെഗുലേറ്റര്‍. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ കെ.ഐ.ഐ.ഡി.സി യുടെ സാങ്കേതിക മേല്‍നോട്ടത്തിലാണ് റഗുലേറ്റര്‍ നിര്‍മ്മാണം നടക്കുക. കിഫ്ബി മുഖേന പദ്ധതിയില്‍ രണ്ട് ലിഫ്റ്റ് ഇറിഗേഷന്‍ കൂടി ഉള്‍പ്പെടുത്തും. ഇതോടെ 1200 ഹെക്റ്ററില്‍ കൂടുതലായി കൃഷിയിറക്കാന്‍ കഴിയും.  
110.75 കോടിയുടെ വികസനമാണ് നാലുവര്‍ഷത്തില്‍  പെരുവെമ്പ് പഞ്ചായത്തില്‍ നടപ്പാക്കിയത്.  കിഫ്ബിയിലൂടെയാണ് വികസനം വേഗത്തിലായത്. നികുതിപ്പണം ഉപയോഗിച്ചാണെങ്കില്‍ 25 വര്‍ഷം കൊണ്ടേ ഇത്ര തുക ലഭ്യമാക്കാനാവു എന്നും കാലതാമസം വരുന്നതുകൊണ്ട് പദ്ധതി തുക ആയിരം കോടിക്ക് മുകളില്‍ ആവുകയും ചെയ്യും. കുടിവെള്ളപദ്ധതികള്‍ക്കായി 6765 കോടിയുടെ ഭരണാനുമതി നല്‍കിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

പെരുവെമ്പ് ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ. ബിനുമോള്‍ അധ്യക്ഷയായി. കെ.ഐ.ഐ.ഡി. സി. ചീഫ് എന്‍ജിനീയര്‍ ടെറന്‍സ് ആന്റണി ,  പെരുവെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹംസത്ത്, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ്, കൊല്ലംങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ചിന്നുക്കുട്ടന്‍, പൊല്‍പ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് ബാലഗംഗാധരന്‍,   എസ്.ഉഷാകുമാരി, സി.ശശികല, എം. സുബൈറത്ത്, കെ. ശിവരാമന്‍, വി. ബാലകൃഷ്ണന്‍, വി. ചിത്ര, സുബ്രമണ്യന്‍, ശ്രീജ, എന്നിവര്‍ പങ്കെടുത്തു.

date