Skip to main content
വീണ്ടെടുക്കാം ജലശൃംഖലകള്‍ ക്യാമ്പയിന്‍' ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ സംസാരിക്കുന്നു.

ജലശൃംഖലകള്‍ വീണ്ടെടുത്ത് ജനകീയ പദ്ധതികള്‍ രൂപപ്പെടുത്തും:ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍

 

 

'വീണ്ടെടുക്കാം ജലശൃംഖലകള്‍' ജില്ലാതല ഉദ്ഘാടനം നടന്നു

ജില്ലയില്‍ ത്രിതല പഞ്ചായത്തുകളും നഗരസഭകളും സംയുക്തമായി പുഴ-നീര്‍ച്ചാല്‍ പരിപാലനത്തിന് ജനകീയ പദ്ധതികള്‍ രൂപപ്പെടുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. ഹരിത കേരളം മിഷന്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ ആരംഭിച്ച 'ഇനി ഞാനൊഴുകട്ടെ' പദ്ധതിയുടെ മൂന്നാംഘട്ടമായ'വീണ്ടെടുക്കാം ജലശൃംഖലകള്‍ ക്യാമ്പയിന്‍' മരുതറോഡ് ഗ്രാമ പഞ്ചായത്തിലെ സൂര്യചിറത്തോടില്‍ തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പുഴയുടെ കൈവഴികളായ നീര്‍ച്ചാലുകളും തോടുകളും അരുവികളും കണ്ടെത്തി മാലിന്യമുക്തമാക്കുന്നതിനും,  നീരൊഴുക്ക് സുഗമമാക്കുന്നതിനും പദ്ധതികളില്‍ പ്രാധാന്യം നല്‍കും. പുഴയിലേക്ക് മലിനജലം ഒഴുക്കുന്നത്് തടയുകയും, കയര്‍ ഭൂവസ്ത്രം, ജൈവവേലി എന്നീ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പുഴസംരക്ഷണവും പരിപാലനവും ഉറപ്പുവരുത്തുന്നതിന് ജനകീയകൂട്ടായ്മ പ്രാവര്‍ത്തികമാക്കുമെന്നും അവര്‍ പറഞ്ഞു. ജില്ലാതല ഉദ്ഘാടന പരിപാടിയില്‍ മരുതറോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ഹരിതകേരളം മിഷന്‍ തയ്യാറാക്കിയ പുഴ പുനരുജ്ജീവനം പ്രവര്‍ത്തന രേഖയുടെ പ്രകാശനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് നിര്‍വ്വഹിച്ചു. വീണ്ടെടുക്കാം ജലശൃംഖലകള്‍ ക്യാമ്പയിന്‍ സംബന്ധിച്ച അവതരണം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ ബീനാകുമാരി നിര്‍വ്വഹിച്ചു. മരുതറോഡ് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.രാധാകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ വി. രാഹുല്‍, കൃഷി ഓഫീസര്‍ ശ്രുതിമേനോന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വൈ. കല്ല്യാണകൃഷ്ണന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജില്ലാ എഞ്ചിനീയര്‍ കെ. അമൃത എന്നിവര്‍ സംസാരിച്ചു.

date