Skip to main content

അശ്രദ്ധമായി കിടന്ന സാംസ്കാരിക നിലയങ്ങളെ  ശ്രദ്ധേയമാക്കിയത് ഈ സർക്കാർ- മന്ത്രി എ.കെ ബാലന്‍

 

 

 

 അശ്രദ്ധമായി കിടന്ന സാംസ്‌കാരിക  നിലയങ്ങളെ ശ്രദ്ധേയമാക്കിയത് ഈ സർക്കാരിന്റെ കാലത്താണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ. കഴിഞ്ഞ നാലെ മുക്കാൽ വർഷത്തിനിടെയാണ് സാംസ്‌കാരിക വകുപ്പ് ഏറ്റവുമധികം സ്മാരകങ്ങൾ നിർമിച്ചതെന്നും മന്ത്രി പറഞ്ഞു. എസ്.കെ പൊറ്റെക്കാട്ട്  സാംസ്‌കാരിക കേന്ദ്രത്തില്‍ പുതിയതായി നിര്‍മ്മിച്ച മിനിതിയേറ്റര്‍ കം ഒപേറ ഹൗസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ സാംസ്കാരിക രംഗത്ത് സുപ്രധാന പങ്കുവഹിച്ച സാംസ്കാരിക നായകന്മാർക്കെല്ലാം ഉചിതമായ സ്മാരകങ്ങൾ നിർമ്മിച്ചു കഴിഞ്ഞു.  മറഞ്ഞു പോയ പലരെയും പുതിയ തലമുറക്ക് പരിചയമില്ല. അവരുടെ സംഭാവന എന്തെന്നറിയില്ല. കേരളത്തെ ഈ രൂപത്തില്‍ രൂപപ്പെടുത്തുന്നതില്‍ അവരുടെ പങ്കെന്തൊയിരുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യം  നിറവേറ്റാനാണ് സാംസ്‌കാരിക വകുപ്പ് ഇത്തരം കേന്ദ്രങ്ങൾ നിർമ്മിക്കുന്നത്. മെഗാ കൾച്ചറൽ കോംപ്ലക്സുകളുടെ പണി നടന്നു കൊണ്ടിരിക്കുകയാണ്. 14 ജില്ലകളിലും ഏകദേശം 700 കോടി രൂപ ചെലവിലാണ് ഇവ പൂർത്തീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

വിദേശ യാത്രകളെക്കുറിച്ച് മലയാളികൾ സ്വപ്നം കാണാൻ തുടങ്ങിയത് എസ്.കെ പൊറ്റെക്കാട്ടിന്റെ  കൃതികൾ വായിച്ചതിനു ശേഷമാണ്. സാധാരണക്കാരുടെ സാമൂഹിക ജീവിതത്തിന്റെ പരിച്ഛേദങ്ങളായിരുന്നു അദ്ദേഹത്തിന്റെ കൃതികളെന്നും മന്ത്രി പറഞ്ഞു.
  ക്ലാസിക് കലകളിൽ  പഠനം പൂർത്തീകരിച്ച  1000 കലാകാരന്മാരെ ഉപയോഗപ്പെടുത്തി  കേരളത്തിലെ 152 ബ്ലോക്കുകളിൽ നിന്നായി ക്ലസ്റ്ററുകൾ ഉണ്ടാക്കി ഒരു ലക്ഷം കലാകാരന്മാർക്കും കലാകാരികൾക്കും  പരിശീലനം നൽകി. 15000 രൂപ ഫെലോഷിപ്പും നൽകി. സാംസ്കാരികമായ ഒത്തുചേരലുകൾക്ക് പൊതു ഇടം പദ്ധതികൾക്കും രൂപം നൽകി. ഗ്രാമീണ കലാകാരൻമാർക്ക് ഉപജീവനത്തിനായി റൂറൽ ആർട്ട് ഹബ് പദ്ധതി ആവിഷ്കരിച്ചെന്ന് മന്ത്രി പറഞ്ഞു. പ്രസിഡന്റ്‌ ടി.വി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

മിനിതിയേറ്റര്‍ കം ഒപേറ ഹൗസ് സാംസ്‌കാരിക വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ 15 ലക്ഷം രൂപ ചെലവിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കോർപറേഷൻ സ്ഥിരം സമിതി അംഗം പി ദിവാകരന്‍, കൗണ്‍സിലര്‍ ടി. രനീഷ്, സെക്രട്ടറി പി.എം.വി പണിക്കര്‍, ജോയിന്റ് സെക്രട്ടറി പൂനൂര്‍ കെ കരുണാകരന്‍, നിര്‍മിതി കേന്ദ്ര പ്രൊജക്ട് മാനേജര്‍ കെ മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

date