Skip to main content

ബീച്ച്, മെഡിക്കല്‍ കോളജ് ആശുപത്രികളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ 

 

 

 

കോഴിക്കോട് ബീച്ച് ഗവ.ജനറല്‍ ആശുപത്രിയിലേയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയും വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (ഫെബ്രു.12) ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കുമെന്ന് എ.പ്രദീപ് കുമാര്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബീച്ച് ആശുപത്രിയില്‍ നവീകരിച്ച പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡും കാത്ത് ലാബും രാവിലെ 10 മണിക്ക് മന്ത്രി ഉദ്ഘാടനം ചെയ്യും. ആശുപത്രിയില്‍ ആധുനിക ഹൃദ്രോഗ ചികിത്സ നടത്താന്‍ സൗകര്യങ്ങളോടുകൂടി 11 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കാത്ത് ലാബ്, കാത്ത് ഐ.സി.യു, എം.എല്‍.എ യുടെ ആസ്തി വികസനഫണ്ടില്‍ നിന്ന് 1.48 കോടി രൂപ ചെലവഴിച്ച് നവീകരിച്ച സ്ത്രീകളുടേയും പുരുഷന്മാരുടേയും പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡുകള്‍ എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചത്. ഇരുവിഭാഗങ്ങളിലും കൂടി 33 ബെഡുകളാണുള്ളത്. ഐ.സി.യു കോട്ട്, സിറിഞ്ച് പമ്പ്, ഇന്‍ഫ്യൂഷന്‍ പമ്പ്, സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ വിതരണ സമ്പ്രദായം തുടങ്ങി ഏറ്റവും ആധുനികസൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മാനസികാഹ്ലാദം നല്‍കുന്നതിനായുള്ള സംഗീത സൗകര്യങ്ങള്‍, പെയിന്റിങുകള്‍, കൂട്ടിരിപ്പുകാര്‍ക്ക് വിരസത മാറ്റാനായി റീഡിങ് കോര്‍ണറുകള്‍ എന്നിവയും സജ്ജീകരിക്കും. 

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച പി.ജി റസിഡന്‍സ് ഫ്ലാറ്റ് (12.44 കോടി), ജീവനക്കാരുടെ ഫ്ലാറ്റുകള്‍ (45 കോടി), പുതിയ കാത്ത് ലാബ് (5.37 കോടി), ടെലി കൊബാള്‍ട്ട് മെഷീന്‍ (1.93 കോടി), 5.9 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കാംപസ് ചുറ്റുമതില്‍, 15 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ പരീക്ഷാ ഹാള്‍, 2.5 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സ്‌കൈവാക്ക് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് മന്ത്രി നിര്‍വഹിക്കും.

യോഗത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വി.ആര്‍ രാജേന്ദ്രന്‍, ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മര്‍ ഫാറൂഖ് വി, ഡെ.സൂപ്രണ്ട് ഡോ. സച്ചിന്‍ ബാബു, ആര്‍.എം.ഒ ഡോ. ശ്രീജിത്ത്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി പി.കെ രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

date