കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
ആലപ്പുഴ : കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 ലെ ബജറ്റ് വൈസ് പ്രസിഡന്റ് ബിജി അനില്‍കുമാര്‍ അവതരിപ്പിച്ചു. പരമ്പരാഗത നെല്‍വിത്തുകള്‍ക്കൊപ്പം ജനപ്രിയ നെല്‍വിത്തിനങ്ങള്‍ കൃഷി ചെയ്യുന്നതിനുള്ള പദ്ധതിയാണ് ബജറ്റില്‍ വിഭാവനം ചെയ്തിട്ടുള്ളത്. 65.44 കോടി രൂപയുടെ വരവും 65.54 കോടി രൂപയുടെ ചെലവും പ്രതീക്ഷിക്കുന്നു.
പട്ടികജാതി കോളനികളിലെ പൊതുകുളങ്ങള്‍ വൃത്തിയാക്കി സമീപത്ത് കുട്ടികള്‍ക്ക് മിനി പാര്‍ക്കും പ്രായമായവര്‍ക്ക് വ്യായാമം ചെയ്ത് വിശ്രമിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും. കൃഷിക്കും അനുബന്ധ മേഖലയ്ക്കുമായി 1.5 കോടി രൂപയും ക്ഷീരകര്‍ഷകര്‍ക്കുള്ള പ്രത്യേക പാക്കേജിന് 60 ലക്ഷം രൂപയും ഭവന നിര്‍മ്മാണത്തിനും ഭൂമി വാങ്ങുന്നതിനുമായി 2.23 കോടി രൂപയും മത്സ്യ തൊഴിലാളി ക്ഷേമ പദ്ധതിക്കായി 20 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. മണ്ണ്, ജലം, ജൈവസമ്പത്ത് എന്നീ അടിസ്ഥാന പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി പി.എം.കെ.എസ്.വൈ. പദ്ധതി പ്രകാരം 2.58 കോടി രൂപയുടെ പദ്ധതികളാണ് ഈ ബജറ്റ് വര്‍ഷം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നടപ്പാക്കുന്നത്. 60 ലക്ഷം രൂപ ആരോഗ്യ- ക്ഷേമ പദ്ധതികള്‍ക്കായും 50 ലക്ഷം രൂപ റോഡ് പരിപാലനത്തിനുമായി വകയിരുത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി പി.കെ. ദിനേശന്‍ മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments