Skip to main content

ചെത്തി മത്സ്യബന്ധന തുറമുഖത്തിൻറെ നിർമ്മാണോദ്ഘാടനം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു

 

ആലപ്പുഴ : തീരമേഖലയുടെ സ്വപ്ന പദ്ധതിയായ ചെത്തി മത്സ്യ ബന്ധന തുറമുഖത്തിന്റെ നിർമ്മാണോദ്‌ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ നിർവഹിച്ചു.  സംസ്ഥാനത്തെ മത്സ്യ ബന്ധന തുറമുഖങ്ങളുടെ നിർമ്മാണം സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. മത്സ്യതൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന ഇടപെടലുകളാണ് ഈ സർക്കാർ ഇതുവരെ നടപ്പാക്കി വന്നിട്ടുള്ളത്. 2018ൽ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു സംസ്ഥാനത്ത് മൂന്ന് മത്സ്യ ബന്ധന തുറമുഖങ്ങൾ കൂടി നിർമ്മിക്കുക എന്നുള്ളത്. ഇതിൽ പരപ്പനങ്ങാടിയിൽ നിർമ്മിക്കുന്ന തുറമുഖത്തിന്റെ നിർമ്മാണം 50% പൂർത്തിയായി. അർത്തുങ്കൽ തുറമുഖ നിർമ്മാണത്തിന്റെ നടപടികൾ പുരോഗമിക്കുകയാണ്. ചെത്തി മത്സ്യബന്ധന തുറമുഖത്തിന്റെ നിർമ്മാണം ആരംഭിക്കാൻ സാധിച്ചത് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ ഇച്ഛാശക്തിയുടെ ഫലമായണെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ മത്സ്യ തൊഴിലാളികൾക്ക് മികച്ച സൗകര്യം ഉറപ്പാക്കുന്ന നടപടികളാണ് സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. പുനർഗേഹം, സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഉൾപ്പെടെയുള്ളവ ശാസ്ത്രീയമായും ദീർഘ വീക്ഷണത്തോടെയുമാണ് നടപ്പാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

 തീരദേശത്തിനായി പ്രഖ്യാപിച്ച പദ്ധതികൾ സർക്കാർ നടപ്പാക്കി എന്നതിന്റെ നേർസാക്ഷ്യമാണ് ചെത്തി മത്സ്യ ബന്ധന തുറമുഖ നിർമ്മാണമെന്ന് കയർ - ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് അധ്യക്ഷത വഹിച്ചു പറഞ്ഞു. 

കാട്ടൂരിൽ ആധുനികരീതിയിൽ നിർമ്മിക്കുന്ന പുലിമുട്ട് നിർമ്മാണം ഉൾപ്പെടെ തീരമേഖലയുടെ സുരക്ഷയും വികസനവും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. കാട്ടൂരിൽ മത്സ്യ സംരക്ഷണത്തിനായി ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും. ഭക്ഷ്യസംസ്കരണം കേന്ദ്രം കൂടി വരുന്നതോടെ മിച്ചംവരുന്ന മത്സ്യങ്ങൾ അവിടെ തന്നെ സംസ്കരിക്കാനുള്ള സൗകര്യവും ഉറപ്പു വരുത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.  ഭൂമിയുണ്ടായിട്ടും വീടില്ലാത്ത 7000 മത്സ്യത്തൊഴിലാളികൾക്ക് അടുത്തവർഷം വീട് നൽകുമെന്നും മന്ത്രി പറഞ്ഞു. 

കിഫ്‌ബിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പദ്ധതിയ്ക്ക് 97.43 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. 970 മീറ്റർ നീളത്തിലുള്ള തെക്കേ പുലിമുട്ട്, 661 മീറ്റർ നീളത്തിലുള്ള വടക്കേ പുലിമുട്ട്, വാർഫ് ലേല ഹാൾ, ലോഡിങ് ആൻഡ് അൺലോഡിങ്ങ് ഏരിയ, പാർക്കിങ് ഏരിയ, വാട്ടർ സപ്ലൈ ആൻഡ്‌ ഇലക്ട്രിഫിക്കേഷൻ എന്നിവ ഉൾപ്പെടെയാണ് നിർമാണം. മൂന്ന് വർഷമാണ് നിർമാണ കാലാവധി. സംസ്ഥാന തീരദേശ വികസന കോർപറേഷൻ പദ്ധതിയുടെ എസ്.വി.പിയും ഹാർബർ എനിജിനീയറിംഗ് വകുപ്പുമാണ് നിർവഹണ ഏജൻസി.

 അഡ്വ. എ.എം ആരിഫ് എംപി മുഖ്യാതിഥിയായി. മത്സ്യ ഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശനഭായ്,  മാരാരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.സി. ഷിബു, ജില്ലാ പഞ്ചായത്തംഗം എൻ.എസ്. ശിവപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി വിനോദ്, വാർഡ് അംഗം പി.എ അലക്സ്, കെ എസ് സി എ ഡി സി മാനേജിംഗ് ഡയറക്ടർ പിഐ ഷെയ്ഖ് പരീത്, ഹാർബർ എൻജിനീയർ ബി ടി വി കൃഷ്ണൻ, കെ എസ് സി എ ഡി സി ചീഫ് എൻജിനീയർ എംഎ മുഹമ്മദ് അൻസാരി തുടങ്ങിയവർ പങ്കെടുത്തു.
 

date