അത്യാധുനിക സൗകര്യങ്ങളോടെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ നിര്‍മിക്കുന്ന സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
കിഫ്ബി വഴി 132 കോടി രൂപ അനുവദിച്ച പദ്ധതിയില്‍ 102 കോടി രൂപയാണു കെട്ടിട നിര്‍മാണത്തിനായി മാറ്റിവച്ചിരിക്കുന്നത്. ബാക്കി തുക ഉപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റുമായി ചെലവഴിക്കും. അത്യാഹിതം, തീവ്രപരിചരണം എന്നിവയ്ക്ക് 90 കിടക്കകള്‍ ഉള്‍പ്പെടെ 325 കിടക്കകള്‍ പുതിയ ബ്ലോക്കില്‍ ഉണ്ടാകും. ആദ്യഘട്ടത്തില്‍ പകുതിയോളം കിടക്കകളില്‍ ഓക്സിജന്‍ ക്രമീകരണം ഉണ്ടാകും. രണ്ടാംഘട്ടത്തില്‍ ബാക്കിയുള്ള കിടക്കകളിലും ഓക്സിജന്‍ എത്തിക്കാവുന്ന രീതിയിലാണ് നിര്‍മാണം.
കെട്ടിട സമുച്ചയത്തിലെ അഞ്ചാം നിലയില്‍ തിയേറ്ററും തീവ്രപരിചരണ വിഭാഗവുമാണ് ക്രമീകരിക്കുന്നത്. ഗൈനക്കോളജി, അത്യാഹിതം വിഭാഗങ്ങള്‍ക്ക് ഒന്നു വീതം പ്രത്യേക തിയേറ്റര്‍ ഉള്‍പ്പെടെ ആകെ 10 ഓപ്പറേഷന്‍ തിയേറ്ററുകളാണു പദ്ധതിയിലുള്ളത്. താഴത്തെ നിലയില്‍ അത്യാഹിതം, റേഡിയോളജി, ഫാര്‍മസി, രണ്ട് എക്സ് റേ യൂണിറ്റുകള്‍ ക്രമീകരിക്കും. ഒന്നാം നിലയില്‍ ഡോക്ടര്‍മാരുടെ കണ്‍സല്‍ട്ടേഷന്‍ ഉള്‍പ്പെടെ ഒ.പി വിഭാഗമാണ്. രണ്ടാം നിലയില്‍ പുരുഷന്മാര്‍, മൂന്നാം നിലയില്‍ സ്ത്രീകള്‍ എന്നിവരുടെ വാര്‍ഡുകളാണ്. ഓരോ നിലയിലും 100 വീതം കിടക്കകള്‍ ഉണ്ടാകും. നാലാം നിലയില്‍ ഗൈനക്കോളജി വാര്‍ഡില്‍ 80 കിടക്കകളാണ് സജ്ജീകരിക്കുക. ആറാം നിലയില്‍ കേന്ദ്രീകൃത ശീതീകരണ സംവിധാനം ഉള്‍പ്പെടെ ബ്ലഡ് ബാങ്ക്, ലബോറട്ടറി എന്നിവയുമുണ്ടാകും. പുതിയ ബ്ലോക്കിനു സമീപത്തായി അത്യാധുനിക സൗകര്യങ്ങളുള്ള മോര്‍ച്ചറി, പോസ്റ്റ്മോര്‍ട്ടം യൂണിറ്റും സജ്ജമാക്കും. മൂന്നു വര്‍ഷം കൊണ്ടു നിര്‍മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. എല്ലാ സൗകര്യങ്ങളും ഒരു കെട്ടിടത്തിലാക്കി ജില്ലാ ആശുപത്രിയെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താനാണു ലക്ഷ്യം.
ആര്‍. രാജേഷ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. മാവേലിക്കര നഗരസഭാധ്യക്ഷന്‍ വി.കെ. ശ്രീകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments