Skip to main content
സര്‍ക്കാരിന്റെ  വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഫോട്ടോ -പോസ്റ്റര്‍ പ്രദർശനം 'അഞ്ചു വർഷങ്ങൾ :നെല്ലറയുടെ വികസനം' ചിറ്റൂർ അണിക്കോട് ടാക്സി സ്റ്റാൻഡിൽ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വീക്ഷിക്കുന്നു.

വികസന-  ജനക്ഷേമ  പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ  പ്രചരണ പരിപാടികൾ സഹായകമാകും: മന്ത്രി കെ. കൃഷ്ണൻകുട്ടി 

 

സർക്കാറിന്റെ വികസന-  ജനക്ഷേമ  പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ  പ്രചരണ പരിപാടികൾ സഹായകമാകുമെന്ന് ജലവിഭവ വകുപ്പ്  മന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍  ജില്ലയില്‍ നടപ്പാക്കിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന  'അഞ്ചു വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം'  ഫോട്ടോ-പോസ്റ്റര്‍ പ്രദര്‍ശന സ്റ്റാൾ  സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചിറ്റൂർ -അണിക്കോട് ടാക്സി സ്റ്റാൻഡ് പരിസരത്ത്  ഒരുക്കിയ പ്രദർശന സ്റ്റാളും  പപ്പറ്റ് ഷോയും വീക്ഷിച്ചാണ് മന്ത്രി മടങ്ങിയത്.  ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലായി നടക്കുന്ന പരിപാടിയുടെ  നാലാം ദിന പ്രദര്‍ശനമാണ് അണിക്കോട് നടന്നത്. പ്രദര്‍ശനത്തിനോടനുബന്ധിച്ച്  പത്മശ്രീ രാമചന്ദ്ര പുലവരുടെ മകൻ രാജീവ് പുലവരുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയുള്ള പപ്പറ്റ് ഷോ ശ്രദ്ധേയമായി. വിവിധ വകുപ്പുകള്‍ മുഖേന സര്‍ക്കാര്‍ നടപ്പാക്കിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങൾ ഉൾപ്പെടുത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ വീഡിയോകളും പ്രദര്‍ശിപ്പിച്ചു.

കിടാരി പാര്‍ക്ക്, ജീവാണു ജൈവവള ഗുണനിലവാര ശാല, ടൂറിസം, നെല്ലിയാമ്പതി ഓറഞ്ച് ഫാം, പട്ടയവിതരണം, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, ജില്ലാ ആശുപത്രി, എം.ഡി രാമനാഥന്‍ സാംസ്‌ക്കാരിക നിലയം, അപ്നാഘര്‍, മെഡിക്കല്‍ കോളേജ്, മൂലത്തറ റെഗുലേറ്റര്‍, കുന്നംകാട്ടുപതി ജലശുദ്ധീകരണ ശാല, സുഭിക്ഷ കേരളം, കെ.എസ്.ഇ.ബി, സാമൂഹിക പഠനമുറി, മുക്കാലി-ചിണ്ടക്കി റോഡ്, ന്യൂട്രീഷ്യന്‍ ക്ലിനിക്ക്, മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി, നെല്ല് സംഭരണം, കാര്‍ഷിക വികസനം, ക്ഷീരവികസനം, വ്യവസായം എന്നിവയാണ് ഫോട്ടോ-പോസ്റ്ററുകളില്‍ ഉൾപ്പെടുത്തിയത്.

നവകേരള മിഷന്‍ (ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം), ക്ഷീരവികസനം, കാര്‍ഷിക വികസനം, പാലക്കാട് ഗവ.മെഡിക്കല്‍ കോളെജ്, പൊതുമരാമത്ത് പാലം വിഭാഗം, ജലവിഭവം, വിനോദസഞ്ചാരം, പട്ടികവര്‍ഗ വികസനം, ജില്ലാ ആശുപത്രി, കുഴല്‍മന്ദം നായാടി കോളനി, മാരായമംഗലം ഫുട്‌ബോള്‍ ടര്‍ഫ്, കണ്ണമ്പ്ര വഴിയോര വിശ്രമ കേന്ദ്രം, കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രി, സാംസ്‌ക്കാരിക വകുപ്പ്, കൃഷി, കുടുംബശ്രീ തുടങ്ങി വിവിധ വകുപ്പുകള്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ വീഡിയോകളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.

വിവിധ വകുപ്പുകളുടെ സേവനങ്ങള്‍, ധനസഹായം, വായ്പാ വിതരണം ഉള്‍പ്പടെ ജനോപകാര പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങളും ബന്ധപ്പെടണ്ട ഫോണ്‍ നമ്പറുകളും പ്രദര്‍ശന കേന്ദ്രത്തില്‍ ലഭ്യമാക്കി.

 ഫോട്ടോ -പോസ്റ്റര്‍ പ്രദര്‍ശനം, പപ്പറ്റ് ഷോ: നാളെ വടക്കാഞ്ചേരിയിൽ സമാപിക്കും 

'അഞ്ചു വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം' ഫോട്ടോ പോസ്റ്റര്‍ പ്രദര്‍ശനം, പപ്പറ്റ് ഷോ  നാളെ (ഫെബ്രുവരി 14) വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പരിസരത്ത് നടക്കും. പരിപാടിക്ക് നാളെ സമാപനമാകും. രാവിലെ 10 മുതല്‍ രാത്രി ഏഴ് വരെയാണ് പ്രദര്‍ശനം നടക്കുക.  പത്മശ്രീ രാമചന്ദ്രപുലവരുടെ മകന്‍ രാജീവ് പുലവരും സംഘവും സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന പപ്പറ്റ് ഷോയാണ് പ്രദര്‍ശന കേന്ദ്രങ്ങളില്‍ അരങ്ങേറുന്നത്. ഫെബ്രുവരി 10 മുതൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി പ്രദർശനം നടത്തിയിരുന്നു.

date