Skip to main content

വെളളനാട് ബ്ലോക്ക് പഞ്ചായത്തിന് സമഗ്ര വികസനം മുന്‍ നിര്‍ത്തിയ ബഡ്ജറ്റ്

* 145.56 കോടി പ്രതീക്ഷിത വരവ്, 145.54 കോടിയുടെ പ്രതീക്ഷിത ചെലവും

 

വെളളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.എസ്.ഇന്ദുലേഖയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ 145.56 കോടി രൂപയുടെ പ്രതീക്ഷിത വരവും 145.54 കോടി രൂപയുടെ പ്രതീക്ഷിത ചെലവും അടങ്ങുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് എസ്.എല്‍.കൃഷ്ണകുമാരി അവതരിപ്പിച്ചു.  ക്ഷീര വികസന മേഖലയ്ക്ക് പ്രാധാന്യം നല്‍കിയ ബഡ്ജറ്റില്‍ കോവിഡ് 19 സൃഷ്ടിച്ച വികസന വിടവിനും തൊഴില്‍ നഷ്ടത്തിനും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന സുഭിക്ഷ പദ്ധതിക്ക് ഊന്നല്‍ നല്‍കികൊണ്ട് ക്ഷീര വികസന മേഖലയില്‍ കൗ ലിഫ്റ്റിംഗ് മെഷീന്‍, കാര്‍ഷിക ഉല്‍പ്പന്ന വിപണന മേള, കറവപശു വളര്‍ത്തല്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  എം.ജി.എന്‍.ആര്‍.ഇ.ജി.എസ് മുഖേന 126.08 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കും.  ലൈഫ് ഭവനപദ്ധതിക്ക് 1.3 കോടി രൂപ ബ്ലോക്ക് വിഹിതമായും വകയിരുത്തിയിട്ടുണ്ട്.  ബ്ലോക്ക് പഞ്ചായത്തിന്റെ ഘടകസ്ഥാപനങ്ങള്‍ക്കുളള ചെലവും സി.എച്ച്.സികളുടെ സമഗ്ര വികസനവും ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  പട്ടികജാതി പട്ടികവര്‍ഗ മേഖലയുടെ സമഗ്ര വികസനത്തിന് 2.2 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.  ബഡ്ജറ്റ് അവതരണ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് സെക്രട്ടറി, നിര്‍വ്വഹണ ജീവനക്കാര്‍, പ്ലാനിംഗ് സമിതി അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.

date